കണ്ടല സഹകരണ ബാങ്ക് : മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചത് വിരമിച്ച ഉദ്യോഗസ്ഥനെ ബന്ധപ്പെടാൻ
1460789
Saturday, October 12, 2024 6:09 AM IST
കാട്ടാക്കട: നിക്ഷേപിച്ച പണം തിരികെ ലഭിക്കാൻ ബാങ്ക് കയറിയിറങ്ങുന്ന കുടുംബത്തിന് അവസാനം ലഭിച്ചത് വിരമിച്ച ഉദ്യോഗസ്ഥനെ ബന്ധപ്പെടാനുള്ള നിർദേശം.
കണ്ടല സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച കാട്ടാക്കട ചൂരക്കാട് രേവതിയിൽ വിജയശേഖരൺ നായരുടെ ഭാര്യ ശ്രീലേഖ മുഖ്യ മന്ത്രിക്ക് നൽകിയ പരാതിയുടെ മറുപടിയാണ് കുടുംബത്തെ വലയക്കുന്നത്. അഞ്ചാം തീയതി ആണ് ശ്രീലേഖ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഭർത്താവ് വിജയശേഖരന്റെ സമ്പാദ്യവും വസ്തുവിറ്റ വകയിൽ ലഭിച്ച തുകയും ഉൾപ്പെടെ കണ്ടല സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഭർത്താവിന്റെയും മകളുടെയും പേരിലായിരുന്നു പണം നിക്ഷേപിച്ചത്.
2023 മകളുടെ വിവാഹം നിശ്ചയിച്ച് തീയതി കുറിച്ചതാണ്. അന്ന് തുക കിട്ടാതായതോടെ വിവാഹം മുടങ്ങി. തുടർന്ന് നിരവധി തവണ ബാങ്കിൽ കയറി ഇറങ്ങിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. ഇതിനിടെ വിജയശേഖരന് അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നു അപ്പോഴും തങ്ങളുടെ ആവശ്യം ബാങ്ക് അവഗണിച്ചു എന്ന് കുടുംബം പറയുന്നു.
അടുത്ത ഡിസംബറിൽ മകളുടെ വിവാഹം നടത്താൻ തീരുമാനിച്ച പ്രകാരം ബാങ്കിനെ സമീപിച്ചപ്പോഴും നടപടിയുമുണ്ടായില്ല. തുടർന്നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകി അടിയന്തരമായി തുക ലഭിക്കാൻ നടപടി ഉണ്ടാക്കാൻ അപേക്ഷ നൽകിയത്. അസിസ്റ്റന്റ് റെജിസ്ട്രാർക്ക് പരാതി കൈമാറിയിട്ടുണ്ടെന്നും അവിടെ ബന്ധപ്പെടാനും കാണിച്ചു മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് മെസേജ് വന്നു.
അതുപ്രകാരം നമ്പറിൽ ബന്ധപെട്ടപ്പോഴാണ് ഒരു വർഷം മുൻപ് വിരമിച്ച ഉദ്യോഗസ്ഥന്റെ പേരും അദ്ദേഹത്തിന്റെ സ്വകാര്യ നമ്പരുമാണ് മുഖ്യ മന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ചതെന്ന് മനസിലായത്. ഇനിയിപ്പോ ആരെ കാണണം ആർക്ക് പരാതി കൊടുക്കണം എന്ന ആശഹ്കയിലാണ് കുടുംബം.