ഡേറ്റ ആന്‍ഡ് എഐ കേന്ദ്രം സ്ഥാപിച്ച് ജോര്‍ജ് വര്‍ഗീസ്
1460553
Friday, October 11, 2024 6:36 AM IST
തിരുവനന്തപുരം: ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ നൂതനഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഐബിഎസ് സോഫ്റ്റ്വെയര് ഡേറ്റ ആന്‍ഡ് എഐ മികവിന്റെ കേന്ദ്രം സ്ഥാപിച്ചു. ഡേറ്റ അനാലിസിസ് മെഷീന് ലേര്‍ണിംഗ് ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിംഗ് തുടങ്ങിയവയില്‍ കാല് നൂറ്റാണ്ട് കാലത്തെ അനുഭവസമ്പത്തുള്ള മലയാളിയായ ജോര്‍ജ് വര്‍ഗീസ് ആണ് ഇതിന്റെ മേധാവി.
ഐബിഎസിന്റെ ആഗോള പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കുന്നതിനും ആധുനിക നിര്‍മിത ബുദ്ധി ഡേറ്റ അധിഷ്ഠിത സാങ്കേതികവിദ്യ ഐടി സേവനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് മികവിന്റെ കേന്ദ്രം സ്ഥാപിച്ചത്.
ഉപയോക്താക്കള്‍, പുതിയ ഐടി ഉത്പന്നങ്ങള്‍ എന്നിവയില്‍ നിര്‍മിത ബുദ്ധിയുടെ സാധ്യത കണ്ടെത്തുക, അതില്‍ അധിഷ്ഠിതമായ ഉല്‍പ്പന്നങ്ങള്‍ രൂപപ്പെടുത്തി എടുക്കുക എന്നിവ മികവിന്റെ കേന്ദ്രം ലക്ഷ്യമിടുന്നു.
ട്രാവല്‍ ഇന്‍ഡസ്ട്രിയില്‍ നിര്‍മിത ബുദ്ധി അധിഷ്ഠിതമായി ഇനിയും ഉപയോഗപ്പെടുത്താത്ത നിരവധി സാധ്യതകള്‍ ഉണ്ടെന്ന് ജോര്‍ജ് വര്‍ഗീസ് പറഞ്ഞു.
ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റലില്‍ വ്യവസായത്തെ പുനര്‍ നിര്‍വചിക്കാന്‍ തക്കവിധം ഉള്ള സാര്‍ഥകമായ ആധുനിക നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുകയാണ് ഉദ്ദേശ്യം.
നിര്‍മിത ബുദ്ധിയുടെ ഗുണഫലങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനൊപ്പം ഈ രംഗത്ത് ഉത്തരവാദിത്തപരമായ ശീലങ്ങള്‍ കൊണ്ടുവരികയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഐബിഎസ് ചീഫ് ടെക്നോളജി ഓഫീസറായ ക്രിസ് ബ്രനഗന്റെ കീഴില്‍ സിംഗപ്പൂര്‍ ആസ്ഥാനമായിരിക്കും ജോര്‍ജ് വര്‍ഗീസിന്റെ പ്രവര്‍ത്തനം. ട്രാവല്‍ അനുഭവങ്ങള്‍ വിപ്ലവകരമായ രീതിയില്‍ മാറ്റാനായി നിര്‍മിത ബുദ്ധിക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ക്രിസ് ബ്രനഗന്‍ പറഞ്ഞു.