മോഷണ ബൈക്കുകളിൽ കറങ്ങി സ്കൂട്ടർ മോഷണം : മൂന്നംഗ സംഘം അറസ്റ്റിൽ
1460552
Friday, October 11, 2024 6:36 AM IST
ചിറയിൻകീഴ് : മോഷണ ബൈക്കുകളിൽ കറങ്ങി ഇരുചക്ര വാഹനങ്ങൾ മോഷണം നടത്തിവന്ന മൂന്നംഗ സംഘത്തെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. ശാർക്കര പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.
കഴക്കൂട്ടം ആറ്റിൻകുഴി ആനന്ദ് ഭവനിൽ താമസിക്കുന്ന സഹോദരൻ മാരായ അഭിജിത് (19), ആനന്ദ് (21), കൊയ്ത്തൂർക്കോണം, മണ്ണറ മനു ഭവനിൽ സോനു (21) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ രണ്ടിന് വൈകുന്നേരമാണ് മൂവരും ചേർന്ന് ശാർക്കര സ്വദേശിയായ വിഷ്ണുവിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടർ മോഷ്ടിച്ചത്. സ്കൂട്ടർ നഷ്ടമായതിനെ തുടർന്ന് ചിറയിൻകീഴ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു പോലീസ് അനേഷണം നടത്തി വരികയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അനേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
മോഷ്ടിച്ച സ്കൂട്ടർ മറിച്ചു വില്പന നടത്താൻ ശ്രമിക്കുന്നുവെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാലിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വഷണത്തിൽ ചിറയിൻകീഴ് പോലീസ് ഇൻസ്പെക്ടർ വിനീഷ്, സബ് ഇൻസ്പെക്ടർമാരായ ശ്രീബു, ഷജീർ, അസീം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനു, അനൂപ്, സുനിൽരാജ്, അജിത് എന്നിവരുടെ നേതൃത്യത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികൾ മോഷ്ടിച്ച മറ്റൊരു ബൈക്കും പോലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.