നെയ്യാറ്റിന്‍കര സ്കൂള്‍ ശാസ്ത്രമേള സമാപിച്ചു
1460548
Friday, October 11, 2024 6:36 AM IST
നെയ്യാറ്റിന്‍കര : വിന്‍ഡ് മില്‍ മുതല്‍ വയനാട് ദുരന്തകാഴ്ച വരെ നീളുന്ന വൈവിധ്യമാര്‍ന്ന മോഡലുകള്‍ അവതരിപ്പിച്ച് ശാസ്ത്രപ്രതിഭകള്‍. വിദ്യാര്‍ഥികളുടെ വിഹിതം കൂടി പിരിച്ചെടുത്ത് നടത്തുന്ന ശാസ്ത്രമേളകളില് മത്സരാര്‍ഥികള്‍ക്കുള്ള സൗകര്യം കാര്യക്ഷമമായി പരിഗണിക്കണമെന്ന് രക്ഷിതാക്കള്‍.
ഓലത്താന്നി വിക്ടറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അരങ്ങേറിയ നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ ശാസ്ത്ര, ഗണിത, സാമൂഹ്യ ശാസ്ത്ര, ഐടി, പ്രവൃത്തി പരിചയമേളയ്ക്ക് ഇന്നലെ പരിസമാപ്തിയായി.
ശാസ്ത്രമേളയില്‍ ലൂര്‍ദ്ദുപുരം സെന്റ് ഹെലന്‍സ് ഗേള്‍സ് എച്ച്എസും ഗണിതശാസ്ത്രമേളയില് അരുമാനൂര്‍ എംവി എച്ച്എസ്എസും സാമൂഹ്യ ശാസ്ത്രമേളയിലും ഐടി മേളയിലും നെയ്യാറ്റിന്‍കര ഗവ. എച്ച്എസ്എസും പ്രവൃത്തി പരിചയ മേളയില്‍ കാഞ്ഞിരംകുളം പികെഎസ്എച്ച്എസ്എസും മുന്നിലെത്തി. വൈകുന്നേരം മൂന്നിന് തുടങ്ങുമെന്ന് അറിയിച്ചിരുന്ന സമാപന സമ്മേളനം ഒന്നര മണിക്കൂറിലേറെ വൈകിയാണ് ആരംഭിച്ചത്.
സമ്മാനദാന ചടങ്ങിന്റെ ദൈര്‍ഘ്യം കൂടിയത് മത്സരജേതാക്കളെയും വിവിധ സ്കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും വലച്ചു. സമാപന സമ്മേളനം അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഡിഇഒ ഇബ്രാഹിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഡോ. എം.എ സാദത്ത്, എഇഒ ഷിബു പ്രേംലാല്‍, ജനറല്‍ കണ്‍വീനര്‍ ജി.എസ് ജ്യോതികുമാര്‍, ഹെഡ്മിസ്ട്രസ് ഡോ. എം.ആര് നിഷ, പിടിഎ പ്രസിഡന്റ് കെ. പ്രതാപന് എന്നിവര്‍ സംബന്ധിച്ചു.