ജോലിസ്ഥലത്തെ പിരിമുറുക്കം കുറയ്ക്കാന്‍ നിയമനിര്‍മാണം പ്രധാനം: ഡോ. ശശി തരൂര്‍ എംപി
1460522
Friday, October 11, 2024 6:20 AM IST
തിരുവനന്തപുരം: തൊഴില്‍സ്ഥലത്തെ ജീവനക്കാരുടെ സമ്മര്‍ദം കുറയ്ക്കുന്നതിന് ശക്തമായ നിയമനിര്‍മാണവും മേലധികാരികള്‍ക്കു ബോധവത്കരണവും അനിവാര്യമെന്ന് ഡോ. ശശി തരൂര്‍ എം പി.
ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചു ടെക് നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍മങ്കും കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസും (ജിടെക്) ഡബ്ല്യൂഐഐടി, എച്ച്ആര്‍ ഇവോള്‍വ് എന്നിവയുടെ സഹകരണത്തോടെ "വര്‍ക്ക്പ്ലേയ്സ് വെല്‍ബീയിംഗ് ആന്‍ഡ് ഓര്‍ഗനൈസേഷണല്‍ റെഡിനെസ്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്പശാലയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലിടങ്ങളിലെ മാനസികാരോഗ്യം എന്നതാണ് 2024ലെ ലോക മാനസികാരോഗ്യദിനത്തിന്റെ പ്രമേയം. ടെക് നോപാര്‍ക്ക് സിഇഒ റിട്ട. കേണല്‍ സഞ്ജീവ് നായര്‍ പങ്കെടുത്തു.
ടെക്കികള്‍ക്കായുള്ള വെല്‍ബീയിംഗ് ഹെല്‍പ്പ് ലൈന്‍ ഡോ. ശശി തരൂര്‍ ഉദ്ഘാടനം ചെയ്തു. ജിടെക് സെക്രട്ടറിയും ടാറ്റാ എല്‍ക്സി സെന്റര്‍ ഹെഡുമായ ശ്രീകുമാര്‍, എല്മങ്ക് എംഡിയും സിഇഒ യുമായ ദിനകര്‍ കൃഷ്ണന്, എസ്ആര്കെഎം ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. അനന്തകൃഷ്ണന്,
ഡബ്ലിയൂഐഐടി, ലൈഫ് കോച്ച് മെമ്പര്‍ അദിതി രാധാകൃഷ്ണന്, ഐസിടി അക്കാദമി ഓഫ് കേരള സിഇഒ മുരളീധരന് മണ്ണിങ്ങല്‍, എച്ച്ആര്‍ ഇവോള്വിലെ ദീപാ നായര്‍, സിഒഎഫ്ജി-ജിടെക് കണ്‍വീനർ ടോണി ജോസഫ് എന്നിവരും സെമിനാറിൽ പ്രസംഗിച്ചു.