ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ കാർഷിക സർവകലാശാല
1460203
Thursday, October 10, 2024 7:06 AM IST
തിരുവല്ലം: വിവിധ അനധ്യാപക വിഭാഗം ജീവനക്കാരുടെ ഒഴിവുകൾ പബ്ലിക് സർവീസ് കമ്മീഷനു റിപ്പോർട്ട് ചെയ്യാത്ത കാർഷിക സർവകലാശാലാ അധികാരികളുടെ നടപടിക്കെതിരെ എംപ്ലോയീസ് അസോസിയേഷൻ ഇന്നു പ്രതിഷേധ ദിനമാചരിക്കും. ഇ - ഓഫീസ് നടപ്പാക്കുന്നതിന്റെ ഭാഗമായി തസ്തികകൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതെന്ന് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആരോപിക്കുന്നു.
കേരളത്തിലെ വിവിധ സർവകലാശാലകളിലും ഓഫീസുകളിലും ഇ - ഓഫീസ് നടപ്പിലാക്കിയെങ്കിലും ഒരിടത്തും തസ്തികകൾ ഇല്ലാതാക്കുന്ന സമീപനം ഇതര സർവകലാശാലകളോ സർക്കാരോ സ്വീകരിച്ചിട്ടില്ല. എന്നാൽ കാർഷിക സർവകലാശാലയിൽ മാത്രം മറിച്ചൊരു നിലപാട് കൈക്കൊള്ളുന്നതിനു പിന്നിലുള്ള കാര്യങ്ങൾ ജീവനക്കാരുടെ പ്രതിനിധികളുമായി സംസാരിക്കാൻ സർവകലാശാല ഇതുവരെ തയ്യാറായിട്ടുമില്ല.
ഇ - ഓഫീസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നൂറിലധികം തസ്തികകൾ ഇല്ലാതാക്കുമെന്ന വൈസ് ചാൻസലറുടെ പ്രസ്താവന സംഘടനാ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചുവെന്നാരോപിച്ച് എംപ്ലോയീസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റിനെ നേരത്തെ സസ്പെൻഡ് ചെയ്യുകയും അന്യായ ശിക്ഷാ നടപടിക്ക് മുതിരുകയും ചെയ്ത സർവകലാശാല അധികാരികളിൽനിന്ന് നീതി പ്രതീക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പറഞ്ഞു.
കഴിഞ്ഞ സെപ്തംബർ അഞ്ചിനു പ്രോചാൻസലറുമായി അസോസിയേഷൻ നടത്തിയ ചർച്ചയിൽ തസ്തിക വെട്ടികുറക്കുന്നതുമായി ബന്ധപെട്ടു സംഘടനാ പ്രതിനിധികളുമായി ചർച്ച ചെയ്യാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ പ്രൊ ചാൻസലറെ തെറ്റിദ്ധരിപ്പിക്കുന്ന സമീപനം സ്വീകരിക്കുന്ന സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥർ ഇരിക്കുന്ന കൊമ്പ് മുറിക്കാൻ ഇൻ ചാർജായി വൈസ് ചാൻസലർ സ്ഥാനം വഹിക്കുന്ന അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർക്ക് സൗകര്യമൊരുക്കുകയാണെന്നും അസോസിയേഷൻ ആരോപിച്ചു.
റിട്ടയർമെന്റുമൂലം ഉണ്ടാകുന്ന ഒഴിവുകൾ മുൻകൂറായി തന്നെ പബ്ലിക് സർവീസ് കമ്മീഷനു റിപ്പോർട്ട് ചെയ്യണമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെ സർക്കാർ നയത്തിന്റെ നഗ്നമായ ലംഘനമാണ് കാർഷിക സർവകലാശാലയിൽ അരങ്ങേറുന്നത്. ഇന്നു നടക്കുന്ന പ്രതിഷേധ ദിനാചരണത്തിൽ കാർഷിക സർവകലാശാലയിലെ എല്ലാ ജീവനക്കാരും പ്രതിഷേധ ദിന ബാഡ്ജ് ധരിച്ചു ജോലിക്കു ഹാജരാകണമെന്നും ഉച്ചക്ക് എല്ലാ സ്റ്റേഷനുകളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കണമെന്നും സംസ്ഥാനകമ്മിറ്റി യോഗം തീരുമാനിച്ചുവെന്ന് ജനറൽ സെക്രട്ടറി കെ.ആർ .പ്രദീഷ് അറിയിച്ചു.