നെയ്യാറ്റിന്‍കര ഉപജില്ല സ്കൂള്‍ ശാസ്ത്രമേള ഇന്നു സമാപിക്കും
1460192
Thursday, October 10, 2024 7:06 AM IST
നെയ്യാറ്റിന്‍കര : ഓലത്താന്നി വിക്ടറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ ശാസ്ത്രമേള ഇന്നു സമാപിക്കും. ഗണിതശാസ്ത്രമേളയില് അരുമാനൂര്‍ എംവി എച്ച് എസ്എസ് ഓവറോള്‍ ചാന്പ്യന്മാര്. മാരായമുട്ടം ഗവ. എച്ച് എസ്എസാണു പോയിന്റ് പട്ടികയില്‍ തൊട്ടുപിറകില്‍.
ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി വിഭാഗങ്ങളിലെ ഓവറോള്‍ ചാന്പ്യന്മാരെ ഇന്നറിയാം. ഗണിത ശാസ്ത്രമേളയില്‍ എല്‍പി വിഭാഗത്തില്‍ നെയ്യാറ്റിന്‍കര ഗവ. ജെബിഎസ്, സെന്റ് തെരേസാസ് എല്‍പിഎസ് എന്നിവ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനത്തെത്തി.
യുപി വിഭാഗത്തില്‍ വ്ളാത്താങ്കര സെന്റ് പീറ്റേഴ്സ് യുപിഎസ് ഒന്നും നെയ്യാറ്റിന്‍കര സെന്റ് തെരേസാസ് കോണ്‍വന്റ് ജിഎച്ച്എസ്എസ് രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ മാരായമുട്ടം ഗവ. എച്ച് എസ്എസ് ഒന്നാം സ്ഥാനവും അരുമാനൂര്‍ എംവിഎച്ച്എസ് എസ് രണ്ടാം സ്ഥാനവും നേടി.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അരുമാനൂര്‍ എംവിഎച്ച് എസ്എസ്, മാരായമുട്ടം ഗവ. എച്ച്എസ്എസ് എന്നിവ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളിലെത്തി. ഇന്നലെ പ്രവൃത്തി പരിചയ മേളയുടെ തത്സമയ മത്സരങ്ങളും ഐടി മേള, ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രനാടകം എന്നിവ നടന്നു. ചിലയിനങ്ങള്‍ മത്സരാര്‍ഥികളുടെ പങ്കാളിത്തത്തില്‍ കുറവ് അനുഭവപ്പെട്ടു. ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രവൃത്തി പരിചയ മേളയില്‍ മുള കൊണ്ടുള്ള ഉത്പന്നങ്ങളുടെ നിര്‍മാണം, പാവ നിര്‍മാണം എന്നിവയില്‍ രണ്ടു വീതവും വോളിബോള്‍ നെറ്റ് മേക്കിംഗ്, വുഡ് കാര്‍വിംഗ്, ബഡ്ഡിംഗ്-ലയറിംഗ്-ഗ്രാഫ്റ്റിംഗ്, വുഡ് വര്‍ക്ക് എന്നിവയില്‍ ഓരോരുത്തരുമേ മത്സരിക്കാനുണ്ടായിരുന്നുള്ളൂ.
ഇന്നു ശാസ്ത്രമേളയുടെ തത്സമയ മത്സരങ്ങളും സാമൂഹ്യ ശാസ്ത്രമേളയും നടക്കും. വൈകുന്നേരം മൂന്നിന് ഡിഇഒ ഇബ്രാഹിമിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും.
വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുരേന്ദ്രന്, സുനില്‍കുമാര്‍, ഗിരിജ, ലോറന്‍സ്, ശൈലജകുമാരി, ഫ്രീഡാ സൈമന്, ഷീനാ ആല്ബിന്, മേളയുടെ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. എഇഒ ഷിബു പ്രേംലാല്‍ സമ്മാനദാനം നിര്‍വഹിക്കും.