യുഡിവൈഎഫ് നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം; രാഹുല്‍ മാങ്കൂട്ടത്തിലും പി.കെ. ഫിറോസും അറസ്റ്റില്‍
1460002
Wednesday, October 9, 2024 8:05 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകള്‍ (യുഡിവൈഎഫ്) ഇന്നലെ നിയമസഭയിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജലപീരങ്കി, കണ്ണീര് വാതക ഷെല്‍ പ്രയോഗങ്ങളില്‍ നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു.
ഇന്നലെ ഒരുമണിയോടെ പാളയത്തുനിന്നും പ്രതിപക്ഷ യുവജനസംഘടനകള്‍ ആരംഭിച്ച മാര്‍ച്ച് യുദ്ധസ്മാരകത്തിനു സമീപം പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. യുഡിവൈഎഫ് സംസ്ഥാന ചെയര്മാന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാര്‍ച്ച് ഉദ് ഘാടനം ചെയ്തു. യുഡിവൈഎഫ് കണ്‍വീനര്‍ പി.കെ. ഫിറോസ് സ്വാഗതം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിന്റെ ഉദ്ഘാടന പ്രസംഗത്തിനുശേഷം മൂക്കാല്‍ മണിക്കൂളോളം സ്ഥലത്ത് സംഘര്‍ഷമുണ്ടായി.
ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചു വിടുന്നതിനായി പോലീസ് നാലു തവണ ജല പീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. യുദ്ധ സ്മാരകത്തിനു സമീപം നിന്നിരുന്ന നാരകത്തില്നിന്നും നാരങ്ങകളും കുപ്പികളും കമ്പുകളും പോലീസിനുനേരെ പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു. തുടര്‍ന്നു മറ്റൊരു ജലപീരങ്കികൂടി സ്ഥലത്തെത്തിച്ചു. രണ്ടു വാഹനത്തില്‍ നിന്നും ഒരുമിച്ച് പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ബാരിക്കേഡിനു സമീപം നിന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് തുടങ്ങിയവരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്ത് വാഹനത്തില്‍ കയറ്റി.
ഇതേ തുടര്‍ന്ന് നാലുതവണ കണ്ണീര് വാതകവും പ്രയോഗിച്ചു. ആദ്യ കണ്ണീര് വാതകം ചെന്നുവീണത് യുദ്ധസ്മാരകത്തിനു സമീപമുള്ള പെട്രോള്‍ പമ്പിനു സമീപവും ഒന്ന് കല്യാൺ സില്‍ക്സിനു മുന്നിലുമാണ്. ഈ ഭാഗത്ത് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ല. ഇതിനു പിന്നാലെ രണ്ടു തവണ കൂടി കണ്ണീര് വാതകം പ്രയോഗിച്ചു. നേതാക്കളെ കസ്റ്റഡിയില്‍ എടുത്തത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റത്തിനും കാരണമായി. പിന്നീട് എം.സി.
റോഡില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യാനുള്ള നീക്കം പ്രവര്‍ത്തകര്‍ ചെറുത്തു. ഇതു പിന്നീട് വാക്കേറ്റത്തില്‍ കലാശിച്ചു. തുടര്‍ന്നു പതിനഞ്ചോളം യുഡിവൈഎഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. രണ്ടു മണിക്കൂറോളം നീണ്ട സംഘര്‍ഷത്തിനു ശേഷമാണ് സ്ഥിതിഗതികള്‍ ശാന്തമായത്.
സ്വന്തം ലേഖകന്‍