വിദ്യാരംഭവും പൗർണമി മഹോത്സവവും ഇന്ന് ആരംഭിക്കും
1459989
Wednesday, October 9, 2024 8:05 AM IST
വിഴിഞ്ഞം: മലയാളത്തിലെ ഓരോ അക്ഷരത്തിന്റെയും അക്ഷരദേവതകളെ പ്രതിഷ്ഠിച്ചിട്ടുള്ള വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീക്ഷേത്രത്തിലെ നവരാത്രിയും പൗർണമി മഹോത്സവവും ഇന്ന് ആരംഭിച്ച് 17ന് സമാപിക്കും.
എല്ലാ ദിവസവും രാവിലെ ഏഴു മുതൽ 12വരെ ലളിതാ സഹസ്രനാമവും ദേവീമാഹാത്മ്യ പാരായണവും സൗന്ദര്യലഹരി പാരായണവും, വൈകുന്നേരം നാലു മുതൽ രാത്രി 10 വരെ സംഗീത പരിപാടികളും ആധ്യാത്മിക സദസും ഉണ്ടായിരിക്കും.
10ന് വൈകിട്ട് ആയിരത്തിലധികം പേർ പങ്കെടുക്കുന്ന സമൂഹ സൗന്ദര്യലഹരി പാരായണം. വൈകിട്ട് ഏഴിന് ഐഎസ്ആർഒ ചെയർമാൻ ഡോ. സോമനാഥ് ദേവിക്ക് മണിവീണ സമർപ്പിക്കും. 11ന് ദുർഗാഷ്ടമിയും നവമി പൂജയും.
12 ന് മഹാനവമിയും ആയുധപൂജയും.13 ന് വിജയദശമി ദിനത്തിൽ രാവിലെ 10മുതൽ അക്ഷരാരാംഭവും,ആദ്യാക്ഷരം, വിദ്യാരംഭവും. മലയാളം,തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി എന്നീ ഭാഷകളിൽ വിദ്യാരംഭം കുറിക്കുന്നതിന് പുറമെ നൃത്തം, സംഗീതം, ആയോധന കലകളിലും,വാദ്യോപകരണങ്ങൾ തുടങ്ങിയവയുടെ വിദ്യാരംഭവും കുറിക്കും.
ജില്ലാ കളക്ടർ അനു കുമാരി, വിഎസ്എസ്സി ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻ നായർ, ക്രൈംബ്രാഞ്ച് എഡിജിപി വെങ്കിടേഷ്, ട്രാൻസ്പോർട്ട് കമ്മീഷണർ സി.എച്ച്.നാഗരാജു ചകിലം, സിറ്റി പോലീസ് കമ്മീഷണർ സ്പർജൻകുമാർ, ഡെപ്യൂട്ടി കമ്മീഷണർ അജിത് മോഹൻ, ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ .ജി മാധവൻ നായർ, ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോളജി വിഭാഗം ഡോ.പി.എൻ.ഷൈലജ, ഭാഗവതചൂഡാമണി പള്ളിക്കൽ സുനിൽ തുടങ്ങിയവർ വിദ്യാരംഭ ചടങ്ങുകൾക്ക് സാന്നിധ്യം വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.