എഡിജിപി അജിത് കുമാറിന്റെ കുടുംബക്ഷേത്രത്തിൽ മോഷണം
1459530
Monday, October 7, 2024 6:44 AM IST
തിരുവനന്തപുരം: ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച പൂജാരി പിടിയിൽ. എഡിജിപി എം.ആർ. അജിത്കുമാറിന്റെ കുടുംബക്ഷേത്രമായ മണക്കാട് മാരിയമ്മൻ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ ക്ഷേത്ര പൂജാരി പയറ്റുവിള കോട്ടുകാൽ സ്വദേശി അരുണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണിൽ പൂന്തുറയിലെ ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഇതേ പൂജാരിയെ ചോദ്യം ചെയ്തത് വിവാദമായിരുന്നു. ആ സംഭവത്തിൽ പ്രതിഷേധങ്ങളെതുടർന്ന് സി.ഐക്കെതിരെ നടപടിവരികയും ചെയ്തിരുന്നു.
ഒരുമാസം മുൻപാണ് മണക്കാട് മാരിയമ്മൻ ക്ഷേത്ര ഭാരവാഹികൾ മോഷണം നടന്നതായി കണ്ടെത്തിയത്. വിഗ്രഹത്തിൽ ചാർത്തിയിരുന്ന മൂന്ന് പവന്റെ മാല, അഞ്ച് ഗ്രാമിന്റെ ഒരു ജോഡി കമ്മൽ, മൂന്ന് ഗ്രാമിന്റെ ചന്ദ്രക്കല എന്നിവ എന്നിവ മോഷ്ടിക്കപ്പെട്ടതായാണ് കണ്ടെത്തിയത്.
മോഷ്ടിക്കപ്പെട്ട ആഭരണത്തിനു പകരം മുക്കുപണ്ടമായിരുന്നു വിഗ്രഹത്തിലുണ്ടായിരുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ മനസിലാക്കുകയും തുടർന്ന് പൂജാരി അരുണിനെ കമ്മിറ്റിക്കാർ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
പണത്തിന് അത്യാവശ്യം വന്നപ്പോൾ എടുത്തതാണെന്നും തിരികെ നൽകാമെന്നും പരാതിയാക്കരുതെന്നും പൂജാരി അരുണ് അപേക്ഷിച്ചു. ആഭരണങ്ങൾ പണയം വെച്ചു എന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ അടുത്ത ദിവസം മുതൽ ഇയാൾ പൂജക്ക് എത്താതാവുകയും ഫോണ് ഓഫ് ചെയ്ത് സ്ഥലത്തുനിന്ന് മുങ്ങുകയും ചെയ്തു. തുടർന്നാണ് കഴിഞ്ഞ ദിവസം കമ്മിറ്റിക്കാർ ഫോർട്ട് പോലീസിന് പരാതി നൽകിയത്.
തുടർന്ന് പോലീസ് ഇയാൾക്കായി അന്വേഷണം ഉൗർജിതമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ നാലാഞ്ചിറ ഭാഗത്ത് നിന്നും ഇയാളെ പോലീസ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളിൽ ചിലത് ചാലയിലെ സ്വർണക്കടയിൽ വിറ്റതായി ഇയാൾ പോലീസിന് മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.