മൃഗശാലയിലെ അനകോണ്ട ചത്തു
1459522
Monday, October 7, 2024 6:38 AM IST
തിരുവനന്തപുരം: മൃഗശാലയില്‍ ഉണ്ടായിരുന്ന രണ്ട് ഗ്രീന്‍ അനകോണ്ടകളില് ഒരെണ്ണം ചത്തു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം അവശനിലയില്‍ കണ്ട ദില്‍ എന്ന പെണ് അനകോണ്ടയ്ക്ക് അടിയന്തര ചികിത്സ നല്‍കിയെങ്കിലും വൈകുന്നേരം അഞ്ചോടെ ചത്തു.
ശരീരത്തില്‍ വാലിനോട് ചേര്‍ന്ന് മുഴ ഉണ്ടായതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയില്‍ ആയിരുന്നു. 2014 ഏപ്രിലില്‍ ശ്രീലങ്കയിലെ ദഹിവാല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് ഏഴ് ഗ്രീന്‍ അനകോണ്ടകളെ തിരുവന്തപുരം മൃഗശാലയില്‍ എത്തിച്ചത്. അക്കൂട്ടത്തിലെ രണ്ടര വയസ് പ്രായമുണ്ടായിരുന്ന പെണ് അനകോണ്ടയാണു വ്യാഴാഴ്ച പതിമൂന്നാം വയസില്‍ ചത്തത്.
പ്രായാധിക്യം മൂലമുള്ള അവശതകള്‍ ഉണ്ടായിരുന്നെങ്കിലും തീറ്റ കഴിക്കുന്നതിനോ മറ്റുള്ള പ്രവര്‍ത്തികള്‍ക്കോ മടുപ്പ് ഉണ്ടായിരുന്നില്ല. സാധാരണ നിലയില്‍ അനകോണ്ടകളുടെ ആയുസ് പത്തു വര്‍ഷം വരെ ആണെങ്കിലും മൃഗശാലപോലെയുള്ള പ്രത്യേക പരിചരണം ലഭിക്കുന്ന ഇടങ്ങളില്‍ അതില്‍ കൂടുതല്‍ പ്രായം വരെ ഇവ ജീവിക്കാറുണ്ട്. 49 കിലോ ഭാരവും 3.9 മീറ്റര്‍ നീളവും ആണ് ഈ അനകോണ്ടയ്ക്ക് ഉണ്ടായിരുന്നത്.
പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം അവിടെത്തന്നെയുള്ള കാര്‍ക്കസ് ഡിസ്പോസല്‍ പിറ്റില്‍ അടക്കം ചെയ്തു. നിലവില്‍ വയറിലുണ്ടായ നീര്‍ക്കെട്ടാണ് മരണകാരണമായി കണ്ടെത്തിയിട്ടുള്ളത്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ കൃത്യമായ മരണകാരണം അറിയാന്‍ സാധിക്കൂവെന്നു മൃഗശാല അധികൃതര്‍ അറിയിച്ചു.