കാഴ്ചാവിസ്മയവുമായി ശാന്തിഗിരി ഫെസ്റ്റ്
1459519
Monday, October 7, 2024 6:38 AM IST
പോത്തൻകോട് : പ്രകൃതിസ്നേഹത്തിന്റെ ശക്തമായ സന്ദേശവും വർണക്കാഴ്ചയുടെ വിസ്മയങ്ങളും അമ്യൂസ്മെന്റ് പാർക്കും ചേർത്ത് സംഘടിപ്പിച്ചിരിക്കുന്ന ശാന്തിഗിരി ഫെസ്റ്റിൽ വൻ ജനത്തിരക്ക്. അതിവിശാലമായ ജലസംഭരണിക്കു ചുറ്റും വൈവിദ്ധ്യങ്ങൾ നിറച്ച് കാഴ്ചയുടെ മാമാങ്കം തീർക്കുകയാണ് ഫെസ്റ്റ് നഗരി.
മുപ്പതേക്കറോളം വരുന്ന ഫെസ്റ്റ് നഗരിയിലെ കാഴ്ചകൾ മുഴുവൻ കാണമെങ്കിൽ മൂന്ന് കിലോമീറ്ററോളം സഞ്ചരിക്കണം. പ്രവേശനകവാടത്തിൽ ആദ്യം കാത്തിരിക്കുന്നത് നക്ഷത്രവനത്തിലെ കാഴ്ചകളാണ്. അശ്വതി മുതൽ രേവതിവരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഓരോന്നിനും കല്പിക്കപ്പെട്ടിരിക്കുന്ന വൃക്ഷങ്ങളെ കാണാനും അവയുടെ ശാസ്ത്രീയ നാമം, ഔഷധഗുണം എന്നിവ മനസിലാക്കാനും സാധിക്കും.
നക്ഷത്രവനത്തിനു സമീപമുള്ള ഗോശാല നാടൻ പശുക്കളുടെ ആലയമാണ്. പെറ്റ് ഷോയും അക്വാ ഷോയും കഴിഞ്ഞെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത് നൂതനസാങ്കേതികവിദ്യയിൽ തയാറാക്കിയിട്ടുളള സ്റ്റുഡിയോയാണ്. സന്ദർശകർക്ക് വാർത്തയുടെ ലോകത്തെ പരിചയപ്പെടുത്തുക മാത്രമല്ല. വാർത്താവായനയുടെ കൗതുകം സ്വയം അറിയാനും അവസരമുണ്ട്.
പതിനായിരം ചതുരശ്ര അടിയിൽ തീർത്ത പുഷ്പങ്ങളുടെ വസന്തവും സെൽഫി പോയിന്റുകളുമാണ് അടുത്ത ആകർഷണം. പിന്നീട് പ്രദർശന വിപണന മേളയിലെ സ്റ്റാളുകളിലും സന്ദർശിക്കാം. റോബോട്ടിക് അനിമൽ ഷോ യിൽ നിന്നും ചെന്നെത്തുന്നത് ഹീലിംഗ് ഗാർഡനിലേക്ക്. മനസ് ഒന്നു തണുക്കും പിന്നീടുള്ള കാഴ്ചയിൽ.
വൈൽഡ് എന്ന വന്യതയെ ഗാർഡൻ എന്ന ഹൃദ്യതയോട് ചേർത്തുവെച്ച് ഒരുക്കിയിരിക്കുന്ന വെൽഡ് ഗാർഡനിൽ വിവിധ പക്ഷികളുടെയും മൃഗങ്ങളുടെയും മോഡലുകൾ സ്ഥാപിച്ചിട്ടുണ്ട്. അഞ്ചുകോടി ലിറ്റർ ജലം സംഭരിക്കാൻ ശേഷിയുളള പ്രകൃതിദത്തമായ ജലസംഭരണി. അതിനു ചുറ്റും നടക്കുന്ന ഒരുമയുടെ ഉത്സവം അതാണ് ശാന്തിഗിരിയിൽ കാണാൻ കഴിയുന്നത്. കാലങ്ങൾക്കു മുന്നെ സഞ്ചരിച്ച ഒരു മഹാഗുരുവിന്റെ ആശയം ഇന്ന് ലോകത്തിന് മുന്നിൽ ജലസംരക്ഷണത്തിന്റെ വലിയൊരു സന്ദേശമായി നിലകൊള്ളുന്നു.
ഇന്ന് ഫെസ്റ്റ് നഗരിയിലെ പ്രധാന ആകർഷണമായ വാട്ടർ റിസർവൊയറും ആശ്രമത്തിനു മുന്നിലെ കരുണ ശുദ്ധജല പദ്ധതിയും നവജ്യോതിശ്രീകരുണാകരഗൂരുവിന്റെ ദീർഘവീക്ഷണത്തിന്റെ ചെറിയൊരു ഉദാഹരണം മാത്രം. കാഴ്ചകൾ വിളിച്ചോതുന്ന സന്ദേശങ്ങൾകൂടി മനസിലാക്കാൻ കഴിഞ്ഞാൽ ഫെസ്റ്റ് ആസ്വാദകർക്ക് ഏറെ ഹൃദ്യമാകും.