പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു
1459085
Saturday, October 5, 2024 6:40 AM IST
വെള്ളറട: പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നതായി പരാതി. ആര്യങ്കോട് പോലീസ് സ്റ്റേഷന് പരിസരത്താണ് വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നത്.
ഇരുചക്രവാഹനങ്ങള്‍ മുതല്‍ ലോറിവരെ നശിക്കുന്നതായി ആരോപണം ഉണ്ട്. വിവിധ കേസുകളിലായി പിടിച്ചെടുത്ത വാഹനങ്ങളും പല കേസുകളിലെ തൊണ്ടിമുതലുമാണ് ഏറെയും. കേസുകളില്‍ ഉള്‍പ്പെട്ട് സമയബന്ധിതമായി വിട്ടു നൽകാൻ കാലതാമസം ഉണ്ടാകുന്നതിനാലും വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുകയാണ്.
പ്രദേശമാകെ കാടുകയറി കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. മലയോരത്തെ പ്രധാന പോലീസ് സ്റ്റേഷനുകളായ ആര്യങ്കോട്, വെള്ളറട പോലീസ് സ്റ്റേഷനുകളുടെ പരിസരത്താണ് പിടിച്ചെടുത്ത വാഹനങ്ങള്‍ കൂടുതലും കൂമ്പാരമായി കിടക്കുന്നത്.
ആര്യങ്കോട് പോലീസ് സ്റ്റേഷന് സ്ഥലസൗകര്യം കുറവായതിനാൽ റോഡിനോട് ചേര്‍ന്ന് മുന്‍വശം ചുറ്റുമതിലില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഒരുവശത്തും പിന്‍ഭാഗത്തുമായി പിടിച്ചെടുത്ത വാഹനങ്ങള്‍കൊണ്ട് പരിസരം നിറഞ്ഞുകഴിഞ്ഞു. ഇതിനിടയില്‍ക്കൂടി നടന്നു പോകാന്‍ പോലും കഴിയാത്ത നിലയിലാണ്.
ഇക്കാരണത്താല്‍ പരിസരം വൃത്തിയാക്കാന്‍പോലും കഴിയാതെ കാടുകയറുകയാണ്. നിലവില്‍ പിടികൂടുന്ന വാഹനങ്ങള്‍ പലതും പാതയോരത്താണ് കൊണ്ടിടുന്നത്. സ്റ്റേഷനിലെത്തുന്നവര്‍ക്ക് ഇരിക്കാനായി പുറത്ത് സജ്ജമാക്കിയ സ്ഥലത്തിനു സമീപത്തും വാഹനങ്ങള്‍ കൊണ്ടിടേണ്ട ദുരവസ്ഥയിലാണ്. ഇരുചക്ര വാഹനങ്ങളും കാറുകളും ഓട്ടോറിക്ഷകളുമാണ് കൂടുതലായി ഇവിടെ ഇവിടെയിട്ടിരിക്കുന്നത്.