എൻഎസ്എസ് ആധ്യാത്മിക പഠന ക്ലാസുകൾ ആരംഭിക്കും: എം.സംഗീത് കുമാർ
1458347
Wednesday, October 2, 2024 6:43 AM IST
നേമം: നായർ സർവീസ് സൊസൈറ്റി കുട്ടികൾക്കായി, കരയോഗതലത്തിൽ ആധ്യാത്മിക പഠന ക്ലാസുകൾ ആരംഭിക്കുമെന്ന് വൈസ് പ്രസിഡന്റ് എം.സംഗീത്കുമാർ.
പഠനത്തോടൊപ്പം ആത്മീയകാര്യങ്ങളിൽ അറിവുനേടേണ്ടത് വ്യക്തിത്വ വികാസത്തിനും സമൂഹനന്മയ്ക്കും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വഴുതയ്ക്കാട് ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ അറുപത്തി ഒൻപതാമത് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയതു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അർഹിക്കുന്ന അംഗീകാരങ്ങൾ നേടിയെടുക്കാൻ കക്ഷിരാഷ്ട്രീയത്തിനതീതമായി ചിന്തിച്ച് സംഘടിത ശക്തിയായി വളരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം.കാർത്തികേയൻ നായർ മുഖ്യ പ്രഭാഷണം നടത്തി.
കരയോഗം പ്രസിഡന്റ് എസ്.വേലായുധൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ഹരികുമാർ, ജോയിന്റ് സെക്രട്ടറി എസ്.കെ.ഗണേഷ് കുമാർ, മേഖലാ കൺവീനർ കെ.പി.പരമേശ്വരനാഥ് എന്നിവർ പ്രസംഗിച്ചു. മുതിർന്ന അംഗങ്ങളായ എൻ.സുകുമാരൻ നായർ, കെ.ബാലകൃഷ്ണപിള്ള, ഡോ.എസ്.കെ.ബാ ലകൃഷ്ണൻ, എം.വി.രാമചന്ദ്രൻ തമ്പി, ഡോ.തുളസീധരൻ നായർ എന്നിവരെ ആദരിച്ചു.