പ്രഭാവർമയ്ക്ക് തലസ്ഥാനത്തിന്റെ സ്നേഹാദരം
1458309
Wednesday, October 2, 2024 6:24 AM IST
തിരുവനന്തപുരം: സർഗസംഭാവനകളിലൂടെ ദേശീയ ശ്രദ്ധ നേടിയ പ്രമുഖരായ പത്രപ്രവർത്തകരുടെ ശ്രേണിയിൽ പ്രഭാവർമയും സ്ഥാനം നേടിയിരിക്കുന്നു എന്ന് മുൻമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ. ബേബി. കവി പ്രഭാവർമയ്ക്ക് സരസ്വതി സമ്മാൻ സമർപ്പിക്കുന്നതിനു മുന്നോടിയായി നടന്ന ചടങ്ങിൽ സ്വരലയയുടെയും സംഘാടകസമിതിയുടേയും സ്നേഹോപഹാരമായി വീണ സമർപ്പിച്ച് പ്രസംഗിക്കുകയായിരുന്നു എം.എ. ബേബി.
വൈലോപ്പിള്ളി സംസ്കൃതി ഭവനിലായിരുന്നു ചടങ്ങ്. കവിത, ചലച്ചിത്രഗാനം, നാടകഗാനം, ശാസ്ത്രീയസംഗീത കൃതികളുടെ രചന എന്നിങ്ങനെയുള്ള വിവിധ മേഖലകളിൽ പ്രഭാവർമ സ്വന്തം കൈമുദ്ര പതിപ്പിച്ചു കഴിഞ്ഞു-എം.എ. ബേബി പറഞ്ഞു.
പ്രഭാവർമയുടെ കർണാടക സംഗീത കൃതികളെക്കുറിച്ചു പരാമർശിച്ച എം.എ. ബേബി കവികൾ കർണാടക സംഗീത കീർത്തനങ്ങൾ രചിക്കുന്നത് അപൂർവമായി മാത്രം സംഭവിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി. വാഗേയകരായ ത്യാഗരാജ സ്വാമികളുടെയും പുരന്തരദാസന്റെയും മുത്തുസ്വാമി ദീക്ഷിതരുടെയും സ്വാതി തിരുനാളിന്റെയും പിൻമുറക്കാരൻ എന്നനിലയിൽ പ്രഭാവർമ എത്തിയിരിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ സ്വരലയ പ്രസിഡന്റും സംഘാടകസമിതി വർക്കിംഗ് ചെയർമാനുമായ ജി. രാജമോഹൻ അധ്യക്ഷത വഹിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ്, കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു, സംഘാടക സമിതി ട്രഷറർ ഇ.എം. നജീബ് തുടങ്ങിയവർ ആശംക നേർന്ന് പ്രസംഗിച്ചു.
കെ.കെ. ബിർള ഫൗണ്ടേഷൻ ഡയറക്ടർ ഡോ. സുരേഷ് ഋതുപർണ, ഭാര്യ മധുലിക ഋതുപർണ എന്നിവർ സംബന്ധിച്ചു. രാവിലെ മാധ്യമ പ്രവർത്തകരായ ലോക പ്രശസ്ത എഴുത്തുകാരുടെ സർഗാത്മക ജീവിതവും, പ്രഭാവർമയുടെ ജീവിത മുഹൂർത്തങ്ങളും നിറയുന്ന ഫോട്ടോ പ്രദർശനം, ദൃശ്യ പ്രഭയുടെ ഉദ്ഘാടനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. കേരള മീഡിയ അക്കാഡമി മുൻ ചെയർമാൻ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.