കോവളത്തെ ധനകാര്യ സ്ഥാപനത്തിൽ ഉത്തരേന്ത്യൻ കൊള്ളക്കാർ കയറിയിട്ട് എട്ട് വർഷം
1458007
Tuesday, October 1, 2024 5:59 AM IST
വിഴിഞ്ഞം: കാമറകളുടെ പിൻബലത്തിൽ സെക്യൂരിറ്റിയെ നിയമിക്കാതെ പ്രവർത്തിച്ച കോവളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനം ഉത്തരേന്ത്യൻ കവർച്ചക്കാർ കൊള്ളയടിച്ചിട്ട് എട്ട് വർഷം കഴിയുന്നു. കാമറകൾ സ്ഥാപിച്ച ആത്മവിശ്വാസത്തിൽ ബാങ്കുകളിലും എടിഎമ്മുകളിൽ നിന്നും സെക്യൂരിറ്റി ഉദ്യോഗസ്ഥരെ പിൻവലിച്ച ശേഷവും ചെറുതും വലുതുമായ അക്രമങ്ങൾ അരങ്ങേറിയിട്ടും അധികൃതർക്ക് അനക്കമില്ല.
കാമറകളെക്കാൾ മോഷ്ടാക്കൾ വളർന്ന കാര്യം ഇവർ അറിയുന്നതും അക്രമങ്ങൾ നടക്കുമ്പോൾ മാത്രമാണ്. കോവളത്ത് കൊള്ള സംഘാഗങ്ങളെ കൊണ്ട് പദ്ധതി ആസൂത്രണം ചെയ്ത ശേഷം ജാർഖണ്ഡിൽ നിന്ന് രാത്രിയിൽ തിരുവനന്തപുരത്ത് വിമാനത്തിൽ പറന്നിറങ്ങിയ കൊള്ളത്തലവൻ ദൗത്യം പൂർത്തിയാക്കിയ ശേഷം പുലർച്ചെ കേരളം വിടാൻ കാണിച്ച ധൈര്യവും ജനം മറക്കാനിടയില്ല. കോവളം മുതൽ വിമാനത്താവളം വരെ റോഡിൽ കാമറകൾ ഉണ്ടായിരുന്നെങ്കിലും ഒന്നിലും പെടാതെ രക്ഷപ്പെടുന്നതിനുള്ള തന്ത്രം അറിയാവുന്നവരായിരുന്നു ജാർഖണ്ഡിലെയും ബംഗാളിലെയും കവർച്ചാസംഘം.
അന്ന്മൂന്നു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണത്തിനിറങ്ങിയ പോലീസിന് പ്രതികളെ സഹായിച്ച രണ്ടുപേരെ മാത്രം അകത്താക്കാനായി. എന്നാൽ കൊള്ളത്തലവർ ഉൾപ്പെടെയുള്ള വമ്പൻമാർ ഇപ്പോഴും കാണാമറയത്തു തന്നെ. പിടികിട്ടിയവരുടെ മൊഴിയിൽ നിന്ന് വമ്പൻമാരെ പിടിക്കാൻ ജാർഖണ്ഡിലേക്കു പോയ കേരള പോലീസിനെ നാട്ടുകാർ ആക്രമിക്കുകയായിരുന്നു. അന്ന് പോലീസുകാർ അവരിൽ നിന്നും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. 2016 ജൂൺ 30 നായിരുന്നു സംഭവം. പ്രതികൾ ഒറ്റ രാത്രിയിൽ കടത്തിയത് അൻപത് ലക്ഷത്തോളം വിലവരുന്ന സ്വർണാഭരണങ്ങളും രണ്ട് ലക്ഷം രൂപയുമായിരുന്നു.
കവർച്ച നടത്താൻ ഉപയോഗിച്ച ഗ്യാസ്കട്ടറും കൈയ്യുറകളും സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും പോലീസിന് കണ്ടെത്താനായി. തിരുവനന്തപുരത്തെ ഒരു കടയിൽ നിന്ന് തിരിച്ചറിയൽ കാർഡ് നൽകി സംഘാഗംങ്ങളിൽ ഒരാൾ ഗ്യാസ്കുറ്റി വാങ്ങിയതായ വിവരമാണ് കേസിന് തുമ്പുണ്ടാക്കാൻ വഴിതെളിച്ചത്. മോഷ്ടാക്കൾ സ്ഥാപനത്തി ന്റെ മറ്റൊരു ശാഖയിൽ നടത്തി യ മോഷണശ്രമം പരാജയപ്പെട്ടു.
അവിടെയും ഗ്യാസ് കട്ടറും ഗ്യാസ്കുറ്റികളും ഉൾപ്പെടെ എല്ലാം വലിച്ചെറിഞ്ഞ് തന്നെയായിരുന്നു മടക്കം. സംഭവങ്ങൾ ആവർത്തിച്ചതോടെ ബാങ്കുകളുടെയും എടിഎമ്മുകളുടെയും സുരക്ഷക്കുമായി സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണമെന്ന നിർദേശം നൽകി. ആ സമയം നിയമിച്ചവരെ പിന്നീട് പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ കാഞ്ഞിരംകുളം ചാണിയിലെ എടിഎം അടിച്ച് തകർക്കുന്നതുവരെയെത്തി കാര്യങ്ങൾ. ആധുനിക സാങ്കേതികവിദ്യകളെ പോലും തകർക്കാൻ പാകത്തിൽ വളർന്ന മോഷ്ടാക്കളെ കണ്ടെത്താൻ പലപ്പേഴും അന്വേഷണ സംഘത്തിനുമാകാറില്ല.
എസ്. രാജേന്ദ്രകുമാർ