മലയിൻകീഴ് പ്രദേശത്ത് തെരുവുനായ ആക്രമണം വ്യാപകമാകുന്നതായി പരാതി
1454693
Friday, September 20, 2024 6:53 AM IST
കാട്ടാക്കട : മലയിൻകീഴിൽ തെരുവുനായ്ക്കളുടെ ആക്രമണം വ്യാപകമാകുന്നതായി നാട്ടുകാർ. വഴിയാത്രക്കാരെയും വീടുകളിലിരിക്കുന്നവരെയും നായ്ക്കൾ ആക്രമിക്കുന്നത് സ്ഥിരമാകുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
കരുവിലാഞ്ചി മുക്കംപാലമൂട് ഭാഗത്ത് തെരുവുനായ നാലുപേരെ കഴിഞ്ഞ ദിവസം കടിച്ച് പരിക്കേൽപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. പ്രദേശത്തെ വളർത്തുമൃഗങ്ങളെയും ഇവ കൊന്നൊടുക്കുന്നതും പതിവായിട്ടുണ്ട്. മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും ആളുകൾ ഒത്തുകൂടുന്ന ഇടങ്ങളിലും നായ്ക്കളുടെ കൂട്ടമുണ്ടാകും.
മലയിൻകീഴ് ശാന്തിനഗറിൽ തെരുവുനായ്ക്കളുടെ ശല്യം ഇപ്പോൾ വർദ്ധിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്. മലയൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിയ രോഗിയെയും തെരുവുനായ കടിച്ചിരുന്നു. മാറനല്ലൂർ ചീനിവിളയിൽ പത്തോളം വളർത്തു കോഴികളെ നായ്ക്കൾ കൊന്നു.
തെരുനായകളുടെ ആക്രമണം വർദ്ധിച്ചതോടെ വിഷയത്തിന്റെ ഗൗരവം ചൂണ്ടികാട്ടി നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
രാത്രിസമയത്ത് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാരെയും അപ്രതീക്ഷിതമായാണ് ഇവ ആക്രമിക്കുന്നത്. കരുവിലാഞ്ചി-മൂങ്ങോട്, ചെറുകോട്-മിണ്ണംകോട്, മൂങ്ങോട്-അന്തിയൂർക്കോണം, ശ്രീകൃഷ്ണപുരം-മഞ്ചാടി റോഡ് എന്നിവിടങ്ങളിലും തെരുവുനായ്ക്കളുടെ ശല്യമുണ്ട്.
റോഡരികിലെ മാലിന്യ നിക്ഷേപമാണ് തെരുവ്നായകൾ വർധിക്കാൻ കാരണമെന്നും നാട്ടുകാർ പറയുന്നു. വിഷയത്തിൽ അധികൃതർ ഇടപെട്ട് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.