വിവാഹവീട്ടിൽനിന്നും മോഷണംപോയ സ്വർണം വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ
1454684
Friday, September 20, 2024 6:37 AM IST
കാട്ടാക്കട : വിവാഹവീട്ടിൽനിന്നു മോഷണംപോയ സ്വർണം ദിവസങ്ങൾക്കുശേഷം വഴിയരികിൽ ഉപേക്ഷിച്ച നിലയിൽകണ്ടെത്തി.
പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് 17.5 പവൻ സ്വർണം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിൽ ഇന്നലെ രാവിലെ വീടിനു സമീപത്തെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഈമാസം 14ന് മാറനല്ലൂർ പുന്നൂവൂരിൽ ഗില്ലിൻ എന്നയാളുടെ വീട്ടിലാണ് വിവാഹത്തിനിടെ മോഷണം നടന്നത്.
വിവാഹശേഷം വരനും വധുവും ബന്ധുവീട്ടിൽ വിരുന്നിനുപോയശേഷം രാത്രി തിരിച്ചെത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഗിലിന്റെ ഭാര്യയുടെ ആഭരണങ്ങളാണ് നഷ്ടമായത്.
30 പവൻ സ്വർണം വച്ചിരുന്ന ബാഗിൽ നിന്ന് 17.5 പവനാണു നഷ്ടപ്പെട്ടത്. തുടർന്നു വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസെത്തി സംശയമുള്ളവരെ ചോദ്യം ചെയ്യുകയും വിരലടയാളം ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തു. ഇതിനിടെയാണ് ഇന്നലെ സ്വർണാഭരണങ്ങൾ ആരോ വീടിനു സമീപത്തെ വഴിയിൽ ഉപേക്ഷിച്ചത്.
പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സ്വർണം തിരികെ വയ്ക്കുകയായിരുന്നുവെന്നു മാറനല്ലൂര്‍ പോലീസ് പറഞ്ഞു.