ആക്രിക്കൊപ്പം തെരുവുവിളക്കുകൾ കടത്തിയ സംഭവം: അന്വേഷണം വേണം
1453023
Friday, September 13, 2024 5:58 AM IST
സംഭവം നെടുമങ്ങാട് നഗരസഭയിൽ
നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ എട്ടുലക്ഷം രൂപ മുടക്കി വാങ്ങിയ തെരുവുവിളക്കുകളും അനുബന്ധ സാമഗ്രികളും നഗരസഭയിലെ ആക്രി സാധനങ്ങൾ ലേലം ചെയ്തതിനോടൊപ്പം കടത്തിക്കൊണ്ടു പോയതിൽ അന്വേഷണം വേണമെന്നു നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ആക്രി സാധനങ്ങളോടൊപ്പം തെരുവ് വിളക്കുകൾ നഷ്ടപ്പെട്ട വിവരം നഗരസഭാ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെട്ടുവെങ്കിലും ഇതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുവാൻ ഇതുവരെയും തയാറായിട്ടില്ല. തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണികളുടെ ചുമതല മാത്രമാണ് കരാറുകാരനു ള്ളത്. മറ്റനുബന്ധ സാധനങ്ങൾ നൽകുവാനുള്ള ചുമതല നഗരസഭയ്ക്കാണ്.
തെരുവിളക്കുകൾ നഷ്ടമായതിൽ നഗരസഭയിലെ ചില ഉദ്യോഗസ്ഥർ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ ഏതാനും ചില തെരുവുവിളക്കുകളും അനുബന്ധസാമഗ്രികളും തിരികെ കൊണ്ടുവച്ചു പ്രശ്നം പരിഹരിക്കുവാൻ ശ്രമം നടന്നിരുന്നു.
മാത്രവുമല്ല തെരുവിളക്കുകൾ പർച്ചേസ് ചെയ്ത സ്റ്റോക്ക് ലിസ്റ്റുകൾ പോലും നഷ്ടപ്പെട്ടതായും വിവരമുണ്ട്. വലിയ അഴിമതി മറച്ചു വെക്കുന്നതിനു വേണ്ടിയാണ് സ്റ്റോക്ക് ലിസ്റ്റ് കടത്തിക്കൊണ്ടുപോയതെന്നും ആരോപണമുണ്ട്.
വസ്തു ക്കൾ ഇല്ലാത്തതി നാൽ കഴിഞ്ഞ ആറുമാസത്തിലധികമായി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലുള്ള തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്തുവാൻ കഴിഞ്ഞിട്ടില്ല. നഗരസഭാപ്രദേശം ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നു കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മഹേഷ് ചന്ദ്രൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു .