പൊൻമുടി യുപി സ്കൂൾ ഗുരുതര സുരക്ഷാ ഭീഷണിയിലെന്നു മനുഷ്യാവകാശ കമ്മീഷൻ
1453019
Friday, September 13, 2024 5:58 AM IST
തിരുവനന്തപുരം: പൊൻമുടി സർക്കാർ യുപി സ്കൂളിലെ കുട്ടികളും അധ്യാപകരും ഗുരുതര സുരക്ഷാ ഭീഷണി നേരിടുന്നതായി മനുഷ്യാവകാശ കമ്മീഷൻ. സ് കൂളിലെ കുഞ്ഞുങ്ങൾക്ക് അപകടം സംഭവിച്ചാൽ വകുപ്പുകളെ പഴിചാരി രക്ഷപെടാൻ കഴിയുകയില്ലെന്നു കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
വകുപ്പുകളുടെ ഏകോപനം ജില്ലാ കളക്ടർ നേരിട്ടു നടത്തണമെന്നും കാലതാമസം കൂടാതെ ചുറ്റുമതിൽ നിർമിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലാ കളക്ടർക്കാണു കമ്മീഷൻ നിർദ്ദേശം നൽകിയത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വനാതിർത്തിയിലുള്ള സ്കൂളിൽ 42 കുഞ്ഞുങ്ങളും എട്ട് അധ്യാപകരുമുണ്ട്.
ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2023 ഫെബ്രുവരി 24ന് സ്കൂളിൽ ആന കയറിയെന്നും ജില്ലാ കളക്ടർ നേരിട്ട് പരിശോധന നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ഡിഎഫ്ഒ, നെടുമങ്ങാട് തഹസിൽദാർ, സ്കൂൾ ഹെഡ്മാസ്റ്റർ എന്നിവരുടെ വകുപ്പുതല യോഗം വിളിച്ചുകൂട്ടി.
റവന്യൂറിക്കോർഡ് പ്രകാരം സ്കുളിന് 02.25 ഏക്കർ ഭൂമിയുണ്ടെങ്കിലും നിലവിൽ സ്കൂളിന്റെ കൈവശത്തിൽ 45 സെന്റ് മാത്രമേയുള്ളുവെന്നും ജില്ലാ കളക്ടർ അറിയിച്ചു. യുപി സ്കൂളിന് ഒരേക്കർ 10 സെന്റ് ഭൂമി ആവശ്യമുള്ള സാഹചര്യത്തിൽ 47 സെന്റിനു പുറമേയുള്ള 63 സെന്റിനു കേന്ദ്രസർക്കാരിന്റെ അംഗീകാരം ആവശ്യമില്ല. ഈ ഭൂമി പരിവേശ് പോർട്ടലിൽ ഉൾപ്പെടുത്തി സർക്കാരിന് തീരുമാനമെടുക്കാവുന്നതാണെന്ന് വനം വകുപ്പ് അറിയിച്ചു.