എംആർ പിയേക്കാൾ കൂടിയ വില ഈടാക്കുന്നത് അന്യായം; 5000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
1453018
Friday, September 13, 2024 5:58 AM IST
തിരുവനന്തപുരം: എംആർപിയേക്കാൾ കൂടിയ വില ഉത്പന്നത്തിന് ഈടാക്കുന്നത് അന്യായമായ വ്യാപാര സമ്പ്രദായവും സേവനത്തിലെ പോരായ്മയും ആണെന്ന് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.
തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി ദിനേശ്കുമാർ തിരുവനന്തപുരം പുളിയറക്കോണത്തെ ‘മോർ’ സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ഒരു ലിറ്റർ കേര വെളിച്ചെണ്ണക്ക് എം ആർ പിയേക്കാൾ 10 രൂപ കൂടുതൽ ഈടാക്കിയതിനെതിരെ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.
എതിർകക്ഷിയുടെ പ്രവൃത്തി അധാർമ്മിക വ്യാപാരരീതി ആണെന്നും ഉപഭോക്താവിന് നൽകേണ്ട സേവനത്തിൽ വീഴ്ച വരുത്തിയെന്നും ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് പി.വി. ജയരാജൻ, അംഗങ്ങളായ പ്രീത ജി നായർ, വിജു വി.ആർ എന്നിവരുടെ ഉത്തരവിൽ പറഞ്ഞു.
ഹർജിക്കാരന് നഷ്ടപരിഹാരമായി 5010 രൂപയും (അധികമായി ഈടാക്കിയ 10 രൂപ ഉൾപ്പെടെ) കോടതി ചെലവായി 2500 രൂപയും 5000 രൂപ ലീഗൽ ബെനിഫിറ്റ് ഫണ്ടിലേക്കും ഒരു മാസത്തിനകം എതിർകക്ഷി അടവാക്കാനും അന്യായ വ്യാപാര സമ്പ്രദായം ആവർത്തിക്കരുതെന്നും കമ്മീഷൻ ഉത്തരവിട്ടു.