സ്വകാര്യ ബാങ്കില്‍ തീപിടിത്തം
1452761
Thursday, September 12, 2024 6:34 AM IST
പാറശാല: സ്വകാര്യ ബാങ്കിലെ റെസ്റ്റിംഗ് റൂമില്‍ തീ പടര്‍ന്നത് ആശങ്കയ്ക്ക് ഇടയാക്കി. ഉദിയന്‍കുളങ്ങര പൊഴിയൂര്‍ റോഡില്‍ പ്രിസം ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചുവരുന്ന ആദം ഫിനാന്‍സിന്റെ രണ്ടാം നിലയിലുള്ള ഈ ബാങ്കിന്റെ തന്നെ റെസ്റ്റ് റൂമില്‍ തീപടരുകയായിരുന്നു. വെള്ളം ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് കെറ്റില്‍ ഷോട്ട് ആയതിനെ തുടര്‍ന്ന് മുറിയില്‍ തീ പടരുകയായിരുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉദിയന്‍കുളങ്ങര ഇലക്ട്രിസിറ്റി ബോര്‍ഡില്‍നിന്നും വൈദ്യുതി ലൈന്‍ കട്ട് ചെയ്തതുകാരണം വന്‍ ദുരന്തം ഒഴിവായി.പാറശാല, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍നിന്നും ഫയര്‍ ഫോഴ്സ് എത്തിയാണ് കെട്ടിടത്തില്‍ പടര്‍ന്ന തീ അണച്ചത്. മൂന്നോളം പ്ലാസ്റ്റിക് കസേര ഒരു മേശ തുടങ്ങിയവയാണ് കത്തി നശിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഈ കെട്ടിടത്തിനു മുകളില്‍ ആള്‍താമസം ഉണ്ടായിരുന്നു. നാട്ടുകാര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് മുകളിലത്തെ നിലയില്‍ ഉണ്ടായിരുന്നവര്‍ താഴേക്ക് മാറുകയായിരുന്നു. വലിയ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല.