ഇന്നും അബിന്‍ കൂട്ടായി ഹെർക്കുലീസ് സൈക്കിൾ
1452516
Wednesday, September 11, 2024 6:43 AM IST
നെയ്യാറ്റിന്‍കര : അച്ചാച്ചന് പകര്‍ന്ന് നല്കിയ ഒട്ടേറെ നല്ല പാഠങ്ങള്‍ അബിന്‍ ജീവിതത്തില്‍ ജാഗ്രതയോടെ തുടരുന്നു. ബാല്യകാലത്ത് തുടങ്ങിയ സൈക്കിള്‍ സൗഹൃദം അബിന്‍ ഇപ്പോഴും തുടരുന്നതിന് കാരണവും അതേ അച്ചാച്ചന് തന്നെ.
ധനുവച്ചപുരം സ്വദേശിയായ എ.എസ് അബിന്‍ കേരള യൂണിവേഴ്സിറ്റിയിലെ എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്.
സമപ്രായക്കാര്‍ മോട്ടോര്‍ ബൈക്കുകളില്‍ ഇരന്പി പായുന്പോള്‍ അബിന്റെ സവാരി സ്വന്തം ഹെർക്കുലീസ് ലോഡ് സൈക്കിളിലാണ്. പത്താം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ തുടക്കം കുറിച്ച സൈക്കിള്‍ സഞ്ചാരം അബിന്‍ അന്നത്തേതിനെക്കാള്‍ ഹൃദയാഭിമുഖ്യത്തോടെ ഇന്നും കൂടെ കൂട്ടിയിട്ടുണ്ട്.
എസ്എസ്എല്‍സിക്കു ശേഷമുള്ള ഉപരിപഠന കാലത്തും സൈക്കിളായിരുന്നു വാഹനം. എത്ര ദൂരം വേണമെങ്കിലും സൈക്കിളില്‍ യാത്ര ചെയ്യാനാണ് അബിന്‍ കൂടുതല്‍ താത്പര്യം.
മുന്‍പ് കന്യാകുമാരി വരെ പോയതാണ് സൈക്കിളില്‍ ഏറ്റവും അധികം ദൂരം സഞ്ചരിച്ച യാത്ര. ധനുവച്ചപുരത്തു നിന്നും കന്യാകുമാരി വരെ നാലു മണിക്കൂറിനകം എത്തിയ അബിന്‍ തിരികെ വരാനും ആ സമയമേ വേണ്ടിവന്നുള്ളൂ.
പഠനത്തോടൊപ്പം അധ്വാനത്തിനും ജീവിതത്തില്‍ ഏറെ പ്രാധാന്യം നല്കുന്ന യുവാവാണ് അബിന്‍. കംപ്യൂട്ടര്‍ സയന്‍സ് പഠനത്തിന്റെ ഇടവേളകളില്‍ തെങ്ങുകയറ്റം, സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകന് എന്നിങ്ങനെ വ്യത്യസ്ത തൊഴിലുകളില്‍ അബിന്‍ വ്യാപൃതനാകും.
അച്ഛന് ആന്ജസിന്റെ പിതാവ് ഹാരിസാണ് സൈക്കിള്‍ സവാരിയിലും തെങ്ങു കയറ്റത്തിലുമൊക്കെ അബിന്റെ ഗുരു. അമ്മ സുനികുമാരിയും അനുജന് അരുണും അബിന്റെ ഈ ലാളിത്യമാര്‍ന്ന ജീവിതശൈലി ഏറെ ഇഷ്ടപ്പെടുന്നു.
അക്കാദമി ഫോര്‍ മൗണ്ടനീയറിംഗ് ആന്‍ഡ് അഡ്വഞ്ചര്‍ സ്പോര്‍ട്സി (അമാസ് -കേരള) ലെ അംഗം കൂടിയാണ് അബിന്‍. സാഹസികതയ്ക്കൊപ്പം സാമൂഹ്യ പ്രതിബദ്ധതയും നെഞ്ചോട് ചേര്‍ത്തു പിടിച്ചാണ് അബിന്റെ ജീവിതപ്രയാണം. ആരോഗ്യകരമായ ജീവിതത്തിന് സൈക്കിള്‍ സവാരി ശീലമാക്കൂ എന്ന സന്ദേശത്തിന് അബിന്‍ മുന്‍തൂക്കം നല്കുന്നു.