മലയാളത്തിന്റെ അന്പിളിക്ക് ഓണവിരുന്നൊരുക്കി "പാട്ടുക്കൂട്ടം'
1452510
Wednesday, September 11, 2024 6:43 AM IST
കാട്ടാക്കട: മലയാള സിനിമയിലെ അമ്പിളിക്കല ജഗതി ശ്രീകുമാറിന് ഓണക്കോടിയും ഓണപാട്ടുമായി "പാട്ടുകൂട്ടം'. പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിലെ വോയിസ് ഓഫ് കണ്ണശയിലെ പാട്ടുകാരായ എട്ടു വിദ്യാർഥികളാണ് "അൽപനേരം ജഗതിക്കൊപ്പം' എന്ന പരിപാടിയുമായി ഇന്നലെ രാവിലെ 10ന് ജഗതിയുടെ ചെറുകോട്ടെ വസതിയിലെത്തിയത്.
ഓണക്കോടി നൽകി, ഓണപാട്ടുകൾ പാടി കുട്ടിഗായകർ ജഗതിക്ക് ഓണവിരുന്നൊരുക്കി. ജഗതിയും ഒരു മണിക്കൂർ നേരം കുട്ടികൾക്കൊപ്പം കൂടി. അവരുടെ പാട്ടിന് താളമിട്ടും പുഞ്ചിരി പൊഴിച്ചും ജഗതിയും പാട്ടിലലിഞ്ഞു ചേർന്നു.
മലയാളം ഹിന്ദി സിനിമാ ഗാനങ്ങൾ അദ്ദേഹം നന്നായി ആസ്വദിച്ചു. ജഗതിയുടെ പത്നി ശോഭ ശ്രീകുമാർ കുട്ടികൾക്ക് മധുരം നൽകിയാണ് സ്വീകരിച്ചത്. സ്കൂൾ മാനേജർ ആനന്ദ് കണ്ണശ, വോയ്സ് ഓഫ് കണ്ണശ കോ ഓർഡിനേറ്ററും അധ്യാപികയുമായ പി. തുഷാര എന്നിവർ കുട്ടികളെ അനുഗമിച്ചു.