സിഐഎംആറിൽ സൗരോർജമെത്തിച്ച് ആക്സിയ ടെക്നോളജീസ്
1452506
Wednesday, September 11, 2024 6:27 AM IST
തിരുവനന്തപുരം: മാനസികവെല്ലുവിളികൾ നേരിടുന്നവരുടെ ക്ഷേമത്തിനായി തിരുവനന്തപുരത്ത്പ്രവർത്തിക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓണ്‍ മെന്റൽ റീട്ടാർഡേഷനിൽ (സിഐഎംആർ) സൗരോർജ പ്ലാന്റ് സ്ഥാപിച്ച് ആക്സിയ ടെക്നോളജീസ്. ടെക്നോപാർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള വാഹന സോഫ്റ്റ് വെയർ നിർമാണക്കന്പനിയായ ആക്സിയ ടെക്നോളജീസിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായാണ് സോളാർ പ്ലാന്റ് നിർമാണംപൂർത്തിയാക്കിയത്.
10 കിലോവാട്ട് ശേഷിയുള്ള ഓണ്‍ ഗ്രിഡ് സോളാർ സംവിധാനമാണ് സിഐഎംആറിൽ പ്രവർത്തനം തുടങ്ങുന്നത്. സുസ്ഥിരമായ ഉൗർജലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ഉൗർജക്ഷമതയും വർധിപ്പിക്കുന്നതാണ് ഈ നീക്കം. ധനമന്ത്രി കെ.എൻ. ബാലഗോപാൽ സോളാർ സംവിധാനത്തിന്റെ സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു. ഓരോ ദിവസവും 40 യൂണിറ്റ് വൈദ്യുതി സ്വയം ഉത്പാദിപ്പിക്കാനാകുമെന്നാണു കരുതുന്നത്.
ആക്സിയ ടെക്നോളജീസിന്റെ സ്ഥാപക സിഇഒ ജിജിമോൻ ചന്ദ്രൻ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ രാജേഷ് പണിക്കർ, സിഐഎംആറിന്റെ പ്രസിഡന്റ് ഫാ. തോമസ് ചെങ്ങനാരിപ്പറന്പിൽ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.