യുവമോർച്ച മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗം
1452214
Tuesday, September 10, 2024 6:21 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ സെക്രട്ടറിയറ്റ് മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗം. ഇന്നലെ ഉച്ചയോടെയാണ് യുവമോർച്ച മാർച്ച് സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്.
ജലപീരങ്കി പ്രയോഗത്തിൽ ജില്ലാ പ്രസിഡന്റ് ആർ. സജിത് കുഴഞ്ഞുവീണു. സജിത്തിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജലപീരങ്കി പ്രയോഗിച്ചതിനെ ചോദ്യം ചെയ്ത യുവമോർച്ച പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. ഒടുവിൽ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഏകദേശം ഒരു മണിക്കൂറോളം പ്രവർത്തകരുടെ പ്രതിഷേധം നീണ്ടുനിന്നു.
ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. പി. സുധീർ മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ് അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ഗണേഷ്, അദീന, മനുപ്രസാദ്, പ്രണവ്, നിതിൻ, അഭിജിത്ത്, പൂവച്ചൽ അജി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി .