ഗതാഗത കുരുക്കൊഴിയാതെ ഇടപ്പഴിഞ്ഞി റോഡ്
1451908
Monday, September 9, 2024 7:09 AM IST
പേരൂര്‍ക്കട: അലക്ഷ്യമായ ഡ്രൈവിംഗും ട്രാഫിക് പോലീസിന്റെ അഭാവവും സിഗ്നല്‍ സംവിധാനം പരിഷ്കരിക്കാത്തതിലെ പ്രശ്നവും മൂലം ഇടപ്പഴിഞ്ഞി റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകു ന്നു. കഴിഞ്ഞ ദിവസം രാത്രി ഒരു കിലോമീറ്ററോളം നീണ്ട കുരുക്കാണ് ഇവിടെ രൂപപ്പെട്ടത്.
ഇടപ്പഴിഞ്ഞി റോഡിലൂടെ കൂടുതലായി സഞ്ചരിക്കുന്നത് കാറുകളാണ്. രാത്രിയും പകലും ഒരുപോലെ കാറുകളുടെ നീണ്ടനിരയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ ട്രാഫിക് തെറ്റിച്ച് ഇടതും വലതും ഭാഗങ്ങളിലൂടെ കയറിപ്പോകുന്നതും പ്രശ്നത്തിനു കാരണമാകുന്നുണ്ട്. രാവിലെ ഏഴു മുതല്‍ 11 വരെയും വൈകുന്നേരങ്ങളില്‍ മൂന്നു മുതല്‍ രാത്രി എട്ടുവരെയും ഈ ഭാഗത്തു രൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്.
സമീപത്ത് വിവാഹ ഓഡിറ്റോറിയങ്ങള്‍ സ്ഥിതിചെയ്യുന്നതിനാല്‍ പ്രത്യേക ദിവസങ്ങളിലെ കാര്യം പറയുകയും വേണ്ട. ഇടപ്പഴിഞ്ഞി ജംഗ്ഷനില്‍ സിഗ്നല്‍ സംവിധാനം കാര്യക്ഷമമാക്കിയും അലക്ഷ്യമായ ഡ്രൈവിംഗിനെതിരേ പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചും പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം.