ബോണസ് തീരുമാനം നിരാശാജനകം: സെക്രട്ടേറിയറ്റ് അസോസിയേഷൻ
1451407
Saturday, September 7, 2024 6:35 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഓണം ബോണസ്- ഉത്സവബത്ത നിരക്കു വർധിപ്പിക്കാത്ത സർക്കാർ തീരുമാനം നിരാശാജനകവും വഞ്ചനാപരവുമാണെന്നു കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ. ഒരു മാസത്തെ ശന്പളം ബോണസ് എന്നത് ജീവനക്കാരുടെ അടിസ്ഥാന അവകാശവും സർക്കാരുകളാൽ അംഗീകരിക്കപ്പെട്ടതുമാണ്.
ജീവനക്കാരിൽ ഒരാൾക്കുപോലും ഒരു മാസത്തെ ശന്പളം ബോണസായി ലഭിക്കുന്നില്ല. ബോണസ്, ഉത്സവബത്ത തുകയിൽ നയാപൈസയുടെ വർധന പോലും വരുത്തിയില്ല. ബോണസ് ഉത്സവബത്തകളിൽ കുറവ് വരുത്തിയിട്ടില്ലെന്ന് അഭിമാനിക്കുന്നത് ഈ അവകാശങ്ങളെ സർക്കാർ ഒൗദാര്യമായി കാണുന്നുവെന്ന മനോഭാവമാണ് വെളിപ്പെടുത്തുന്നത്.
കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ഒരു മാസത്തെ ശന്പളം ബോണസായി നൽകിയിരുന്നെങ്കിൽ ഇന്ന് അത് സർവീസിൽ പുതുതായി കയറുന്ന താഴ്ന്ന വിഭാഗം ജീവനക്കാർക്കു പോലും നാലു ദിവസത്തെ ശന്പളം കിട്ടുന്നില്ലെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം. എസ്. ഇർഷാദും ജനറൽ സെക്രട്ടറി കെ.പി പുരുഷോത്തമനും പറഞ്ഞു.