ശാന്തിഗിരിയില്‍ നവപൂജിതം നാളെ
1451404
Saturday, September 7, 2024 6:35 AM IST
പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 98-ാമത് ജന്മദിനാഘോഷമായ "നവപൂജിതം' നാളെ നടക്കും. നവപൂജിതത്തോടനുബന്ധിച്ച് തുടക്കമാകുന്ന ഇത്തവണത്തെ ആഘോഷപരിപാടികള്‍ സന്ന്യാസദീക്ഷാവാര്‍ഷിക ദിനമായ ഒക്ടോബര്‍ 13വരെ നീണ്ടുനില്‍ക്കും.
നാളെ രാവിലെ അഞ്ചിനു സന്ന്യാസ സംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലിയോടെ പ്രാര്‍ഥനാചടങ്ങുകള്‍ ആരംഭിക്കും. ആറിനു ധ്വജം ഉയര്‍ത്തല്‍, ഏഴിനു മണി മുതല്‍ പുഷ്പ സമര്‍പ്പണം. രാവിലെ 10.30ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്യും.
കടകംപള്ളി സുരേന്ദ്രന് എംഎല്‍എ അധ്യക്ഷനാകുന്ന യോഗത്തില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ. വി.പി. ശുഹൈബ് മൗലവി, ചെമ്പഴന്തി ഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12നു ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും അന്നദാനവും ഉണ്ടാകും.
ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്യും. ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. മാര്‍ത്തോമ സഭ കൊല്ലം ഭദ്രാസനാധിപന്‍ ഡോ.ഐസക് മാര്‍ ഫിലിക്നിനോസ് എപ്പിസ്കോപ്പ, മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി ശിവാമൃത ചൈതന്യ, ഏകലവ്യാശ്രമത്തിലെ സ്വാമി അശ്വതി തിരുനാൾ, ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാന തപസ്വി എന്നിവര്‍ പങ്കെടുക്കും.
വൈകുന്നേരം അഞ്ചിനു ദീപപ്രദക്ഷിണം നടക്കും. തുടർന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പ്രഭാഷണം നടത്തും. 20 നാണ് പൂര്‍ണ കുംഭമേള.
ഒക്ടോബര്‍ 13ന് സന്ന്യാസദീക്ഷാ വാര്‍ഷികത്തോടെ പ്രാര്ഥനാസങ്കല്പ്പങ്ങള്ക്കും ആഘോഷപരിപാടികള്‍ക്കും സമാപനമാകുമെന്നു ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ ആൻഡ് റിസര്‍ച്ച് ഓര്ഗനൈസേഷന് മേധാവി സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി അറിയിച്ചു. ഹാപ്പിനസ് ഗാര്‍ഡനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സ്വാമി ആത്മധര്‍മന്‍, ബ്രഹ്മചാരി ആർ. ഗുരുദാസ്, എം.പി. പ്രമോദ്, എം. മഹേഷ് എന്നിവര്‍ പങ്കെടുത്തു.