കാട്ടാക്കടയിലെ സംഗീതജ്ഞനെ കാണാൻ കേന്ദ്രമന്ത്രി എത്തി
1450826
Thursday, September 5, 2024 6:45 AM IST
കാട്ടാക്കട : കാട്ടാക്കടയിലെ പ്രിയ സംഗീതജ്ഞനെ കാണാൻ കേന്ദ്രമന്ത്രി എത്തിയത് വീട്ടുകാർക്കും നാട്ടുകാർക്കും അപൂർവ കാഴ്ചയായി.
തബലിസ്റ്റ് കാട്ടാക്കട മൈക്കിളിനെ കാണാനാണ് കട്ടക്കോട്ടുള്ള വീട്ടിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി എത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ സ്വകാര്യ വാഹനത്തിലാണ് സുരേഷ് ഗോപി എത്തിയത്. വീട്ടുകാരെ മാത്രം അറിയിച്ചിട്ടുള്ള വരവായിരുന്നു സുരേഷ് ഗോപിയുടെത്.
വിദേശത്തും സ്വദേശത്തുമായി താരങ്ങളുടെ നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലൂടെയാണു കാട്ടാക്കട മൈക്കളുമായി സുരേഷ് ഗോപിക്കുള്ള ബന്ധം തുടങ്ങിയത്.
കുറച്ചുനാളായി ശാരീരിക അസ്വസ്ഥതയും അസുഖങ്ങളുമായി വിശ്രമത്തിലാണു കാട്ടാക്കട മൈക്കിൾ. ഈ വിവരം അറിഞ്ഞാണു സുരേഷ് ഗോപി അദ്ദേഹത്തെ കാണാൻ എത്തിയത്. ഭാര്യയും മക്കളും, മരുമകനും, അടുത്ത ബന്ധുക്കളുമായാണ് സുരേഷ് ഗോപി എത്തിയത്. വീട്ടുകാരോടു മൈക്കിളിന്റെ വിവരങ്ങളും ഇപ്പോഴത്തെ അവസ്ഥയും ചോദിച്ചു മനസിലാക്കുകയും വീട്ടുകാരുമൊത്തു സൗഹൃദ സംഭാഷണങ്ങൾ നടത്തുകയും ചെയ്താണ് സുരേഷ് ഗോപി മടങ്ങിയത്.
യേശുദാസ്, ചിത്ര ഉൾപ്പെടെയുള്ള പ്രഗത്ഭരായ പിന്നണി ഗായകരുടെയെല്ലാം ഗ്രൂപ്പുകൾക്കൊപ്പവും സിനിമാ തരങ്ങളുടെ സ്റ്റേജ് ഷോ ഉൾപ്പെടെ ടെലിവിഷൻ പ്രോഗ്രാമുകളിലും കാട്ടാക്കട മൈക്കിൾ ഒഴിച്ചുകൂടാനാകാത്ത കലാകാരനായിരുന്നു. സ്വാതിതിരുനാൾ സംഗീത കോളജിൽനിന്ന് ഗാനഭൂഷണവും, ഗാനപ്രവീണയും പാസായി. മൃദംഗമാണ് പഠിച്ചത്.
ആകാശവാണിയിലെ ഏ ഗ്രേഡ് ആർട്ടിസ്റ്റായ മൈക്കിൾ ആകാശവാണി സംഘടിപ്പിച്ച മൃദംഗ മത്സരത്തിൽ രാഷ്ട്രപതിയുടെ കൈയിൽനിന്നു പുരസ്കാരം നേടിയിട്ടുണ്ട്.