സൈക്കിള്‍ മോഷണംപോയി: കള്ളനെ കൈയോടെ പൊക്കി പോലീസ്
1443700
Saturday, August 10, 2024 6:34 AM IST
തിരുവനന്തപുരം: "സാര്‍ എന്റെ സൈക്കിള്‍ ആരോ മോഷ്ടിച്ചു, ട്യൂഷനു പോകാന്‍ അമ്മ വാങ്ങിത്തന്നതാണ് സാര്‍... എങ്ങനെയെങ്കിലും അതൊന്നു കണ്ടെത്തി തരണം...' പട്രോളിംഗിലായിരുന്ന കഠിനംകുളം പോലീസ് സ്റ്റേഷനിലെ സംഘത്തിന്റെ ഫോണിലേക്കു വിളിച്ച എട്ടാം ക്ലാസുകാരന് കരയുകയായിരുന്നു.
പോലീസ് ഉടന്‍ തന്നെ വിദ്യാര്‍ഥിയുടെ അടുത്തെത്തി. സൈക്കിള്വച്ച സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അവന്റെ കൂട്ടുകാരില്‍ ചിലരോട് കാര്യങ്ങള്‍ അന്വേഷിച്ചു. ഇതില്‍ നിന്നും സൈക്കിള്‍ മോഷ്ടിച്ചത് മറ്റു ചില വിദ്യാര്‍ഥികളാണെന്ന് പോലീസ് മനസിലാക്കി.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇവര്‍ മോഷ്ടിച്ച സൈക്കിള്‍ ആക്രി കടയില്‍ കൊണ്ടുപോയി 400 രൂപയ് ക്ക് വിറ്റതായി മനസിലാക്കി. ഇവിടെയെത്തിയ പോലീസ് സൈക്കിള്‍ വീണ്ടെടുത്തു നല്കി. ഒപ്പം സൈക്കിള്‍ മോഷ്ടിച്ച വിരുതന്മാരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.