ലിഫ്റ്റുകളെ ആര് ചികിത്സിക്കും
1436682
Wednesday, July 17, 2024 2:34 AM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നിലവിലുള്ള 14 ലിഫ്റ്റുകളില്‍ 10ലേറെയും എപ്പോള്‍ വേണമെങ്കിലും പൂര്‍ണമായും പ്രവര്‍ത്തനം നിലയ്ക്കാന്‍ സാധ്യതയുള്ളവ.
വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ചവയാണ് ഇവയെല്ലാം. പൊതുവായ ആവശ്യങ്ങള്‍ക്ക്, അതായത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ലിഫ്റ്റുകള്‍ക്ക് പരമാവധി പറയുന്ന കാലാവധി 10 വര്‍ഷമാണ്.
അതിനുശേഷം അത്തരം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നതാണ് ചട്ടം. എന്നാല്‍ ഇതൊന്നും മെഡിക്കല്‍കോളജില്‍ പാലിക്കപ്പെടുന്നില്ല. അഞ്ചു വര്‍ഷമാണ് കമ്പനി വാറണ്ടി നല്‍കുന്നത്. ഈ കാലയളവില്‍ എല്ലാവര്‍ഷവും ലിഫ്റ്റ് മെയിന്റനന്‍സും ചെക്കപ്പും നടത്തും. പിന്നീടുള്ള മൂന്നുവര്‍ഷം അധികൃതര്‍ പണം മുടക്കി ഓരോ ആറുമാസവും ലിഫ്റ്റുകള്‍ മെയിന്റനന്‍സ് നടത്തണമെന്നതാണ് നിര്‍ദ്ദേശിക്കുന്നത്.
പിന്നീടുള്ള രണ്ടുവര്‍ഷം ഓരോ വര്‍ഷവും ലിഫ്റ്റുകള്‍ ചെക്കപ്പ് നടത്തണമെന്നതാണ് വ്യവസ്ഥ. എന്നാല്‍ നിലവില്‍ മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും അഞ്ചു വര്‍ഷത്തിനുശേഷം ലിഫ്റ്റുകളെ ശ്രദ്ധിക്കാറേയില്ല. പോകുന്നിടത്തോളം പോകട്ടെ എന്ന മട്ടിലാണ് ഇവയെ പ്രവര്‍ത്തിപ്പിച്ചു വരുന്നത്. 10 വര്‍ഷത്തിനുശേഷം പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടതായ ലിഫ്റ്റുകള്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നുണ്ട് ഇവിടെ.
ഇത്തരമൊരു ലിഫ്റ്റിലാണ് ഇന്നലെ ഡോക്ടറും രോഗികളും കുടുങ്ങിയതെന്നാണ് സൂചന.
തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ എത്തുന്ന പാവപ്പെട്ട രോഗികളുടെ കഴുത്തിൽ കത്തിവയ്ക്കുന്ന സമീപനമാണ് അധികൃതര്‍ നടത്തിവരുന്നതെന്ന അക്ഷേപം രൂക്ഷമാണ്.