ഭാഷയും സംസ്കാരവും മനുഷ്യർക്കു സ്വന്തം വേരുകൾ ഉറപ്പിക്കാനുള്ള മണ്ണ്: ഡോ. എഴുമറ്റൂർ
1425248
Monday, May 27, 2024 1:37 AM IST
തിരുവനന്തപുരം: ഭാഷയും സംസ്കാരവും മനുഷ്യർക്കു സ്വന്തം വേരുകൾ ഉറപ്പിക്കാനുള്ള മണ്ണാണെന്ന് എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായ ഡോ. എഴുമറ്റൂർ രാജരാജവർമ.
നിത്യഹരിത കൾച്ചറൽ ആന്ഡ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച കൈയെഴുത്ത് മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്റ്റാച്യൂ പദ്മാകഫേ വിനായക ഹാളിലായിരുന്നു ചടങ്ങ്. വെള്ളവും വളവും നൽകിയാലും ചെടികൾ ഉറച്ചുനിന്ന് വളരണമെങ്കിലും വൻമരങ്ങളായി തീരണമെങ്കിലും താങ്ങിനിർത്തുവാൻ മണ്ണുതന്നെ വേണം.
ഭാഷയും സംസ്കാരവും ഒലിച്ചുപോയിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മലയാള ഭാഷാസംസ്കാരത്തോട് ആദരവ് വളർത്തുവാൻ സഹായകരമായ ഇത്തരത്തിലെ കൈയെഴുത്ത് മത്സരങ്ങൾ അനിവാര്യമാണ്. മലയാള കൈയെഴുത്ത് മത്സരത്തിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കാളികളാകുന്ന കാഴ്ച മലയാള ഭാഷയുടെ ഭാവിയെക്കുറിച്ച് പ്രത്യാശനൽകുന്നുവെന്നും ഡോ. എഴുമറ്റൂർ രാജാരാജവർമ ചൂണ്ടിക്കാട്ടി.
പുതിയ തലമുറ മലയാളം എഴുതുന്നതുകാണുന്പോൾ ഒരമ്മയ്ക്കു സ്വന്തം കുഞ്ഞിന്റെ പുഞ്ചിരികാണുന്പോഴുണ്ടാകുന്ന ആനന്ദമാണ് തനിക്കുണ്ടാകുന്നത്. ഭാഷയും സംസ്കാരവും ഇല്ലാതെയാകുന്നതുകൊണ്ടാണ് മുതിർന്നവരുടെ പുഞ്ചിരി വറ്റുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പല രാജ്യങ്ങളിലും മഹാന്മാരുടെ കൈപ്പട അമൂല്യനിധിയായി സംരക്ഷിക്കപ്പെടുന്നുണ്ട്. നമ്മൾ മലയാളികൾ മലയാളത്തിൽ ഒപ്പിട്ട് പഠിക്കേണ്ടതുണ്ടെന്നും എഴുമറ്റൂർ പറഞ്ഞു. വേദിയിലെ ബോർഡിൽ നമസ്കാരം എന്നെഴുതിയാണ് എഴുമറ്റൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ചലച്ചിത്ര-ടിവി നടനും കാഥികനും നിത്യഹരിത സൊസൈറ്റി രക്ഷാധികാരിയുമായ വഞ്ചിയൂർ പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു.
കലാനിധി ചെയർപേഴ്സൺ ഗീത രാജേന്ദ്രൻ, മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബു, പ്രേംനസീർ സുഹൃദ്സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, കവി പ്രദീപ് തൃപ്പരപ്പ്, റെഡ് ക്രോസ് സൊസൈറ്റി വൈസ് ചെയർമാ ൻ മുക്കം പാലമൂട് രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. നിത്യഹരിത കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂർ സ്വാഗതവും ചലച്ചിത്ര നിരൂപകൻ ഗോപൻ ശാസ്തമംഗലം നന്ദിയും പറഞ്ഞു.