തീരദേശത്ത് കൊടുംകാറ്റ്; വ്യാപക നാശനഷ്ടം
1423923
Tuesday, May 21, 2024 1:50 AM IST
വിഴിഞ്ഞം: മഴയോടൊപ്പം തീരദേശത്തെ ഇളക്കിമറിച്ച് കൊടുംകാറ്റ് വീശി. കൂറ്റൻ മരങ്ങൾ കടപുഴകിയും ഒടിഞ്ഞ് വീണും വൻ നാശനഷ്ടം. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വൈദ്യുത ലൈനുകൾ പൊട്ടിവീണതോടെ വൈദ്യുത ബന്ധവും ഗതാഗതവും താറുമാറായി.
രാത്രിയിലും വിശ്രമമില്ലാതെ മരങ്ങൾ മുറിച്ച് മാറ്റി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് വിഴിഞ്ഞം , പൂവാർ ഫയർ സ്റ്റേഷനിലെ ജീവനക്കാർ. ഇന്നലെ രാവിലെ പത്തോടെയാണ് കാറ്റ് വീശിയടിച്ചത്. അപ്രതീക്ഷിതമായ കാറ്റിൽപ്പെട്ട് നിരവധി വാഹനങ്ങളും വഴിയിൽ കുടുങ്ങി. വീടുകളുടെ രക്ഷക്കും റോഡു ഗതാഗതം സുഗമമാക്കുന്നതിനും മുൻഗണന നൽകിയായിരുന്നു ഇന്നലെ ഫയർഫോഴ്സിന്റെ പ്രവർത്തനം. വിഴിഞ്ഞം മുല്ലൂർ സ്വദേശി രാജേഷിന്റെ വീടിന് മുകളിൽ തെങ്ങ് വീണ് വീടിനും കാറിനും ഇലക്ട്രിക് ലൈനിനും നാശമുണ്ടായി. ചാവടി നടയിൽ ക്ഷേത്ര കോമ്പൗണ്ടിൽ നിന്ന ആൽമരവും തെങ്ങും കടപുഴകി സമീപത്തെ വീടിന് മേൽ പതിച്ചു.
മുക്കോലയിലും കല്ലുവെട്ടാൻ കുഴിയിലും ബൈപ്പാസിന്റെ സർവീസ് റോഡിനു കുറുകെ മരം വീണ് ഇലക്ട്രിക് ലൈനും പോസ്റ്റുകളും പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചു. കോവളം കെഎസ് റോഡിലും, പടിഞ്ഞാറെ പൂങ്കുളം, ടൂറിസം കേന്ദ്ര മായ ഹൗവ്വാബീച്ച് റോഡ്, കോട്ടുകാൽ എന്നിവിടങ്ങളിൽ മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. വിഴിഞ്ഞം, കോവളം മേഖലയിൽ വ്യാപകമായി വീണ മരങ്ങളിൽ പകുതിപോലും മാറ്റാൻ കഴിഞ്ഞിട്ടില്ലെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. പൂവാർ ഫയർഫോഴ്സ് അധികൃതർക്കും ഇന്നലെ വിശ്രമില്ലാത്ത ദിവസമായിരുന്നു.
കാഞ്ഞിരംകുളം മാവിളയിൽ അർജുനന്റെ വീടിന് പുറത്തു കൂടി കൂറ്റൻ ആഞ്ഞിലിമരം കടപുഴകി വീണു. വീടിന്റെ ഒരു ഭാഗം തകർന്നെങ്കിലും വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. പുത്തൻ കടയിൽ കുട്ടപ്പന്റെ വക പ്ലാവ് കടപുഴകി വീണ് ഇലക്ട്രിക് ലൈനും പോസ്റ്റുകളും തകർന്നു. കഴിവൂർ പ്ലാവുവിള സ്വദേശി വിനോദിന്റെ വീടിനു മുകളിൽ അയൽവാസിയുടെ പുരയിടത്തിൽ നിന്ന അക്കേഷ്യ മരം വീണ് വില കൂടിയ കാർ തകർന്നു. വീടിന് കേടുവരുത്തിയ മരം വൈദ്യുത ലൈനും തകർത്ത് റോഡിന് കുറുകെ വീണു.
തിരുപുറം വിജയകുമാർ, പുതിയ തുറയിൽ മോഹനൻ എന്നിവരുടെ വീടിന് മുകളിലും മരം വീണ് നാശനഷ്ടം ഉണ്ടായി. മാറാടി, നരിക്കുഴി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ വീടുകൾക്ക് മീതെ അപകടകരമായ രീതിയിൽ വീണ മരങ്ങളെ മുറിച്ച് മാറ്റാനാകാതെയും ഫയർഫോഴ്സ് മടങ്ങി.
മരച്ചില്ലകൾ ഒടിഞ്ഞ് വീണും വ്യാപക നാശനഷ്ടമുണ്ടായി. പലയിടങ്ങളിലും രാത്രിയിൽ മാത്രമാണ് വൈദ്യുത ബന്ധം പുനസ്ഥാപിക്കാനായതെന്ന് അധികൃതർ അറിയിച്ചു. കെഎസ്ഇബി ക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.