തൊഴുവന്‍കോട് ബംഗ്ലാവുവിള വീണ്ടും മാലിന്യ കൂമ്പാരമാകുന്നു
1423917
Tuesday, May 21, 2024 1:50 AM IST
പേരൂര്‍ക്കട: കാമറക്കണ്ണുകളെ മറച്ചുകൊണ്ട് വീണ്ടും മാലിന്യനിക്ഷേപം രൂക്ഷമായതോടെ തൊഴുവന്‍കോട് ബംഗ്ലാവുവിള റോഡ് വീണ്ടും മാലിന്യംനിക്ഷേപകേന്ദ്രമായി.
കാമറ വച്ചതിനു ശേഷം ഒരാഴ്ച മുമ്പാണ് മാലിന്യനിക്ഷേപം തുടങ്ങിയത്. മുമ്പ് ബംഗ്ലാവുവിള ഭാഗത്തുണ്ടായിരുന്ന മാലിന്യനിക്ഷേപം വിലക്കിക്കൊണ്ട് അധികൃതര്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും നിലവിലുള്ള മാലിന്യങ്ങള്‍ നീക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രദേശത്ത് കാമറകളും സ്ഥാപിച്ചു. എന്നാൽ രാത്രിയിലുള്ള ദൃശ്യങ്ങൾ കാമറയിൽ വ്യക്തമായി പതിയുന്നില്ലായിരുന്നു .
ഇതിൽ നാട്ടുകാർക്ക് പ്രതിഷേധം ഉണ്ടായിരുന്നു. മാലിന്യം നിക്ഷേപിക്കുന്നവരുടെ നേരിയ രൂപം മാത്രമായിരുന്നു കാമറയിൽ പതിഞ്ഞിരുന്നത്. ബംഗ്ലാവുവിളയിലെ 200 മീറ്റര്‍ ഭാഗത്ത് ഇപ്പോള്‍ ചാക്കുകെട്ടുകളിലാക്കിയ മാലിന്യം റോഡിലേക്ക് വീണു കിടക്കുകയാണ്. മുമ്പ് സ്വകാര്യവ്യക്തിയുടെ കാടുപിടിച്ചുകിടക്കുന്ന വസ്തുവില്‍ മാത്രമായിരുന്നു ഇതുണ്ടായിരുന്നത്.
നഗരസഭ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തതാണ് വീണ്ടും മാലിന്യം നിക്ഷേപിക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് തെരുവുനായ് ശല്യവും രൂക്ഷമായിട്ടുണ്ട്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ ആഹാരം അന്വേഷിച്ചെത്തുന്ന നായ്ക്കള്‍ പ്രദേശത്തെ കുട്ടികള്‍ക്കുവരെ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ ഇവയുടെ ഓരിയിടലും ആക്രമണം സഹിക്കാന്‍ കഴിയുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.