വെള്ളനാട് ഗവ. യുപി സ്കൂൾ റോഡ് തകർന്നു
1423794
Monday, May 20, 2024 6:34 AM IST
നെടുമങ്ങാട് : അധ്യന വർഷം ആരംഭിക്കാൻ ഇരിക്കെ വെള്ളനാട് ഗവ. യുപി സ്കൂളിലേക്ക് പോകുന്ന റോഡ് തകർന്ന നിലയിൽ. വിദ്യാർഥികളും നാട്ടുകാരും ഉൾപ്പെടെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന റോഡിൽ അപകടസാധ്യതയേറിയിട്ടും റോഡ് നവീകരിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിനെതിരെ ജനരോഷം വ്യാപകമാവുകയാണ്.
കണ്ണമ്പള്ളി, ചാത്തനാട്, കൈരളി നഗർ എന്നിവിടങ്ങളിലുള്ളവർ വെള്ളനാട് ജംഗ്ക്ഷനിലെത്താൻ ആശ്രയിക്കുന്ന റോഡാണ് അധികൃതരുടെ അനാസ്ഥകാരണം കാലങ്ങളായി തകർന്നു കിടക്കുന്നത്. വെള്ളനാട് - റോഡിൽ നിന്ന് യുപി സ്കൂൾ വരെയുള്ള റോഡ് പൂർണമായും തകർന്ന അവസ്ഥയിലാണ്. മെറ്റലുകൾ ഇളകിമാറി ഗട്ടറുകൾ വീണ റോഡിന്റെ വശങ്ങളിൽ വൻകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
ഈ കുഴികൾ ഇരുചക്രവാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഭീഷണിയായി തീർന്നിട്ടുണ്ട്. റോഡിലൂടെ രണ്ടു വാഹനങ്ങൾ വന്നാൽ ഒരു വാഹനം കുഴിയിലിറക്കേണ്ട അവസ്ഥയാണുള്ളതെന്ന് യാത്രക്കാർ പറയുന്നു.
കുത്തിനെയുള്ള ഇറക്കമായ റോഡിലെ കുഴിയിൽ വാഹനമിറക്കുന്നത് വാഹനം മറിഞ്ഞുള്ള വൻ അപകടത്തിന് കാരണമാകുമെന്ന് ഡ്രൈവർമാർ നിരവധി തവണ ചൂണ്ടിക്കാണിച്ചിട്ടും അധികൃതർക്ക് ഒരു അനക്കവുമില്ല. സ്കൂൾ തുറന്നാൽ കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളും ഈ റോഡിലൂടെയാണ് പോകുന്നത്. റോഡിൽ ഓടകൾ ഇല്ലാത്തതിനാൽ മഴവെള്ളം മുഴുവനും റോഡിലൂടെ ഒഴുകുകയാണ്.
ഇതുകാരണം റോഡിൽ വൻ കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടു. കൊച്ചുകുട്ടികൾ ഉൾപ്പടെ നിരവധി വിദ്യാർഥികൾ യാത്ര ചെയ്യുന്ന റോഡിന്റെ ശോച്യാവസ്ഥക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് രക്ഷാകർത്താക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.