തേക്കടയിൽ പെയിന്റ് കടയ്ക്ക് തീപിടിച്ചു
1423789
Monday, May 20, 2024 6:31 AM IST
നെടുമങ്ങാട് : തേക്കടയിൽ പെയിന്റും പ്ലമ്പിംഗ് ആൻഡ് ഹാർഡ് വെയർറും വിൽക്കുന്ന കടയ്ക്ക് തീപിടിച്ചു. തേക്കട ആദിൻ മൻസിൽ അബ്ദുൾ നുജൂമിന്റെ എൻഎസ് ട്രെഡേഴ്സിനാണ് തീപിടിത്തം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 11 നായിരുന്നു സംഭവം. കട അടച്ച ശേഷമായിരുന്നു തീപിടിത്തം നടന്നത്.കടയിൽ നിന്നും പുക ഉയരുന്ന കണ്ട നാട്ടുകാരായിരുന്നു വിവരം ഫയർഫോഴ്സിനെ അറിയിച്ചത്.
തുടർന്ന് നെടുമങ്ങാട് നിന്നും രണ്ട് ഫയർ യൂണിറ്റ് എത്തി തീ അണക്കാനുള്ള ശ്രമം തുടങ്ങി. കടയിലെ ഒരു ഷട്ടർ ഭാഗികമായി തുറന്നു വച്ചിക്കുകയായിരുന്നു ഇതുവഴി പെയിന്റും ടർപെന്റയിനും കത്തി പുറത്തേക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. തീ ശക്തമായതിനാൽ ആദ്യമെത്തിയ ഫയർഫോഴ്സ് യൂണിറ്റിന് തീനിയന്ത്രിക്കാനായില്ല.
ഇതോടെ വെഞ്ഞാറമൂട് നിന്നും രണ്ട് ഫയർ യൂണിറ്റുകൾ കൂടി എത്തി. തീയും കറുത്ത പുകയും നിറഞ്ഞു നിന്നതിനാൽ അഗ്നിശമനപ്രവർത്തനം വളരെ ദുഷ്കരമായിരുന്നു. കടയോട് ചേർന്നുള്ള വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടാറുകൾ സേനാംഗങ്ങൾ സുരക്ഷിതമായി മാറ്റിയത് വൻ അപകടം ഒഴിവാക്കി. ചുറ്റും കടകളും വീടുകളും ഉണ്ടായിരുന്നതിനാൽ വലിയ ദുരന്തം ഉണ്ടാകാൻ സാധ്യത ഉണ്ടായിരുന്നു.
12 മണിയോടെ വിതുര നിലയത്തിൽ നിന്നും തിരുവനന്തപുരം നിലയത്തിൽ നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ എത്തി. കെട്ടിടത്തിന്റെ സീലിങ്ങും ചുവരും പൊട്ടി അടർന്നു വീണുകൊണ്ടിരുന്നതിനാൽ ജീവനക്കാരുടെ സുരക്ഷ തന്നെ ഭീഷണിയിൽ ആയിരുന്നു.
നാട്ടുകാരുടെ സഹായത്താൽ ഷട്ടർ ഡോർ തകർത്തു അകത്തു കടക്കാനായത്തിൽ തീ യുടെ വ്യാപ്തി നിയന്ത്രിക്കാനായി. കടയുടെ മുകളിലത്തെ നിലയിൽ കൂടുതലും തീപിടിക്കാൻ സാധ്യയുള്ള വസ്തുക്കൾ ഉണ്ടായിരുന്നു.
അഗ്നിശമന ജീവനക്കാരുടെ സമയോചിതവും സാഹസികവുമായ പ്രവർത്തനം കൊണ്ട് മറ്റു സ്ഥലങ്ങളിലേക്ക് തീ പടരുന്നത് തടയാനും ആളപായവും കൂടുതൽ നഷ്ടവും വരുത്താതിരിക്കാനും കഴിഞ്ഞു. പുലർച്ചെ മീന്നിനാണ് തീ പൂർണമായും അണയ്ക്കാൻ അഗ്നിരക്ഷാ ജീവനക്കാർക്ക് സാധിച്ചത്.
സ്റ്റേഷൻ ഓഫീസർമാരായ കെ.എൻ.ഷാജി, രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിൽ നാല്പതോളം ജീവനക്കാരും നാട്ടുകാരും അഗ്നിശമന പ്രവർത്തനത്തിൽ പങ്കെടുത്തു. 60 ലക്ഷത്തോളം നഷ്ടം കണക്കാക്കുന്നു. തീപിടിത്ത കാരണം ഷോർട് സർക്യൂട്ട് ആകാമെന്നാണ് നിഗമനം.