കരനെല്ല്, തുവര, ചാമ കൃഷിയിറക്കാൻ കാണിക്കാർ
1416569
Tuesday, April 16, 2024 12:10 AM IST
കാട്ടാക്കട : കാലം നഷ്ടപ്പെടുത്തിയ തങ്ങളുടെ ക്യഷിരീതികളിലേക്ക് മടങ്ങാനൊരുങ്ങി ആദിവാസി സമൂഹം. മാറുന്ന കാലാവസ്ഥയ്ക്കനുയോജ്യമായിരുന്ന കൃഷി രീതികളായിരുന്നു ആദിവാസി വിഭാഗങ്ങളുടെ സവിശേഷത.
കരനെല്ലും തുവരയും ചാമയും ഉൾപ്പെടെയുള്ള ധാന്യവർഗങ്ങൾ, നെടുവൻ, മുക്കിഴങ്ങ്, കവലാൻ, ചെറുകിഴങ്ങ് തുടങ്ങിയവ വൻതോതിൽ ആദിവാസി ഊരുകളിൽ വിളഞ്ഞിരുന്നു. എന്നാൽ കൃഷിഭൂമിയുടെ ദൗർലഭ്യവും മാറ്റക്കൃഷി നിലച്ചതും കാട്ടുമൃഗശല്യം രൂക്ഷമായതും ഇത്തരം കാർഷികപ്രവർത്തനങ്ങളെ ദോഷകരമായി ബാധിച്ചു. കുറ്റിച്ചൽ , വിതുര, അമ്പൂരി പഞ്ചായത്തുകളിലെ ഊരുകളിലാണ് വംശകൃഷിരീതികൾ പുനരാരംഭിക്കുന്നത്. ഇവിടങ്ങളിൽ കരനെല്ലിന്റെയും കിഴങ്ങുവിളകളുടെയും കൃഷി ആരംഭിച്ചു.
ചണ്ണവാലൻ, കുറുമുണ്ട തുടങ്ങിയ പാരമ്പര്യനെല്ലിനങ്ങൾ നിറഞ്ഞ പാടങ്ങളായും തുവരയും ചെറുകിഴങ്ങും നിറഞ്ഞ പറമ്പുകളായും മാറുകയാണ് ഊരുകൾ. പ്രാഥമികമായി കഴിഞ്ഞ വർഷം 30 സ്വയംസഹായ സംഘങ്ങളാണ് വിത്തെറിഞ്ഞ് വിളവു കൊയ്തത്. പരിസ്ഥിതിസൗഹൃദ പച്ചക്കറികളും ഇവർ ഉത്പാദിപ്പിക്കുന്നു. പ്രദേശത്തെ ചെറുതും വലുതുമായ കുളങ്ങൾ സംരക്ഷിച്ചുകൊണ്ട് പ്രവർത്തനം വ്യാപിപ്പിക്കാനും ശ്രമമുണ്ട്.
താമസിയാതെ തന്നെ നിറയെ വിളഞ്ഞുകിടക്കുന്ന നെൽപ്പാടങ്ങളും കുട്ട നിറയെ വിളവെടുക്കുന്ന കൃഷിയിടങ്ങളുമായി ആദിവാസി ഊരുകൾ മാറുകയാണ്. വിതപ്പാട്ടും തേക്കുപാട്ടും കൊയ്ത്തുപാട്ടുമുയർന്നിരുന്ന നല്ലകാലം അധികം ദൂരെയല്ല എന്ന സന്ദേശമാണ് തങ്ങൾ മുന്നോട്ടു വയ്ക്കുന്നതെന്ന് ആദിവാസികൾ പറയുന്നു.
വനവും പരിസ്ഥിതിയും സന്തുലിതമാകും. പാരമ്പര്യ കൃഷിരീതികളിലേക്കു മടങ്ങി ആരോഗ്യകരമായ ജീവിതം നയിക്കാനാകുമെന്നുമാണ് ഇവരുടെ പ്രതീക്ഷ.