മുഖ്യമന്ത്രിയേയും മകളേയും ജയിലിൽ അടയ്ക്കാത്തത് മോദിയുടെ കരുതൽ : ചാണ്ടിഉമ്മൻ എംഎൽഎ
1416201
Saturday, April 13, 2024 6:23 AM IST
വെള്ളറട: പിണറായി വിജയൻ ഉൾപ്പെട്ട ലാവലിൻ കേസും വീണാവിജയൻ ഉൾപ്പെട്ട മാസപ്പടി കേസും മുന്നോട്ടുപോകാത്തത് പ്രധാനമന്ത്രിയുടെ സംരക്ഷണം ഉള്ളതുകൊണ്ടാണെന്ന് ചാണ്ടിഉമ്മൻ എംഎൽഎ. യുഡിഎഫ് സ്ഥാനാർഥി ഡോ.ശശിതരൂരിന്റെ വിജയത്തിനായി അമ്പൂരി പഞ്ചായത്തില്‍ യുഡിഎഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കള്ളം പറയാന്‍ മാത്രം നിലപാടെടുക്കുന്ന മുന്നണിയായി എല്‍ഡിഎഫ് മാറിയെന്നും, ഇലക്ഷന് സമയത്തെ സിപിഎം മിന്റെ ബോംബ് നിര്‍മാണത്തെ പോലും ന്യായികരിക്കുകയാണ് പാര്‍ട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിദ്ധാര്‍ഥന്റെ കൊലപാതകത്തെയും പാര്‍ട്ടി സംരക്ഷിക്കുന്നത് വോട്ടര്‍മാര്‍ കാണുന്നുണ്ടെന്ന് മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്പൂരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മംഗലശേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ എംഎല്‍എയും, യുഡിഎഫ് തെരഞ്ഞെടുപ്പു ചെയര്‍മാനുമായ എ.ടി.ജോര്‍ജ്, ബ്ലോക്ക് പ്രസിഡന്റ്, അഡ്വ.ഗിരീഷ്കുമാര്‍, ഡിസിസി സെക്രട്ടറി പി.എ.ഏബ്രഹാം, ബിനു തങ്കപ്പന്,
മുസ്ലിം ലീഗ് നേതാവ് പനച്ചമൂട് എം. മുഹമ്മദ് ഹുസൈന്, മുസ്ലിം ലീഗ് വെള്ളറട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.മുഹമ്മദ് ഷാനവാസ് ഖാന്, മണ്ഡലം ട്രഷറര്‍ എ.സെയ്യദലി, ജില്ലാ കൗണ്‍സില്‍ അംഗം എം.എം.ഹസന്, മണ്ഡലം സെക്രട്ടറി എം.മൈദീന് കണ്ണ്, വിജയചന്ദ്രന്‍, ജയചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.