വിഴിഞ്ഞം തുറമുഖം: ട്രയൽറൺ തുടങ്ങും മുമ്പേ ഖജനാവിലെത്തിയത് കോടികൾ
1415991
Friday, April 12, 2024 6:28 AM IST
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ തുടങ്ങും മുൻപ് തന്നെ സർക്കാരുകളുടെ ഖജനാവിലേക്ക് കോടികൾ എത്തി. ഇതുവരെ തുറമുഖത്ത് അടുത്ത നാല് ചൈനീസ് കപ്പലുകളിലെ 21 ക്രെയിനുകളിൽ നിന്ന് ഇൻഡ്യൻ ഗുഡ്സ് സർവീസ് ടാക്സ് ഇനത്തിൽ 170 കോടിയിലേറെ രൂപ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് വരുമാനമായി ലഭിച്ചു.
ഈ മാസം ഇനിയും വരുന്ന ഷെൻ ഹുവ - 34, 35 എന്നീ രണ്ട് കപ്പലിൽ നിന്നും നൂറ്കോടിയോളം ലഭിക്കും. കഴിഞ്ഞ ദിവസം തുറമുഖത്തടുത്ത ഷെൻഹുവ-16ൽ നിന്ന് മാത്രം 37.5 . കോടി യോളംരൂപ സർക്കാരിന് വരുമാനമായി ലഭിച്ചു.
എക്സ് പോർട്ട് പ്രമോഷൻ കാപ്പിറ്റൽ ഗുഡ് എന്ന അംഗീകാരമുള്ളതിനാൽ കസ്റ്റംസ് നികുതിയായി വരുന്ന കോടികൾ തുറമുഖ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന്റെ വരുമാനമായിരിക്കുമെന്നും അറിയുന്നു.
അടുത്ത മാസം മുതൽ ട്രയൽറൺ തുടങ്ങുന്നതോടെ ചരക്കുകളുമായി കൂടുതൽ കപ്പലുകൾ എത്തിത്തുടങ്ങും അതോടെ സർക്കാരുകളുടെ വരുമാനത്തിലും കൂടുതൽ മാറ്റമുണ്ടാകും.
ചൈനയിലെ ഷാംഗ്ഹായി പ്രോവിൻസിലെ ഷെൻഹുവ ഹെവി ഇൻഡസ്ട്രീസ് ലിമിറ്റഡ് കമ്പനിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ആവശ്യമായ ക്രെയിനുകൾ നിർമിച്ച് നൽകുന്നത്.
മലയാളിയായ രാധാകൃഷ്ണൻ ഡയറക്ടറായിട്ടുള്ള പെർഫക്ടോ ലോജിസ്റ്റിക് കമ്പനിക്കാണ് ക്രെയിനുമായി വരുന്ന കപ്പലുകളുടെ കസ്റ്റംസ് ക്ലിയറിംഗ് നടപടികൾ പൂർത്തിയാക്കാനുള്ള ചുമതല.
മലയാളിയുടെ ഉടമസ്ഥതയിലുള്ള വാട്ടർ ലൈൻ ഷിപ്പിംഗ് ലോജിസ്റ്റിക് കമ്പനിക്കാണ് കൂറ്റൻ ക്രെയിനുകളുമായി എത്തുന്ന ചരക്ക് കപ്പലുകൾ മാനദണ്ഡം പാലിച്ച് ബെർത്തിൽ അടുപ്പിക്കുന്നതിനുള്ള ചുമതലയും.