പുതിയതുറ സെന്റ് നിക്കോളാസ് ദേവാലയം: വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ 27ന് ആരംഭിക്കും
1415988
Friday, April 12, 2024 6:20 AM IST
വിഴിഞ്ഞം : പുതിയതുറ സെന്റ് നിക്കോളാസ് ദേവാലയത്തിൽ മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ 27 ന് തുടങ്ങി മെയ് അഞ്ചിന് സമാപിക്കും. തിരുനാളുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
വിശുദ്ധ ഗീവർഗീസ് സഹദായുടെ തീർഥാടനത്തോട് അനുബന്ധിച്ച് കരിങ്കുളം പഞ്ചായത്ത് പ്രത്യേക ഉത്സവ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. ജാതിമത ഭേദമന്യേ എല്ലാവർഷവും പതിനായിരത്തോളം തീർഥാടകരാണ് ഇവിടെ എത്തിച്ചേരുന്നത്.
ഇവർക്കായുള്ള പ്രത്യേക അടിസ്ഥാന സൗകര്യങ്ങൾ ചെയ്തു വരികയാണ്. തിരുന്നാളിന്റെ അവസാന മൂന്നു ദിവസങ്ങളിൽ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും. പൂവാർ, വിഴിഞ്ഞം, നെയ്യാറ്റിൻകര തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഡിപ്പോകളിൽ നിന്നും ഇവിടേക്കും തിരിച്ചും സർവീസുകൾ ഉണ്ടാകും.
പൊഴിയൂർ, അഞ്ചുതെങ്ങ്, പെരുമാതുറ സർവീസുകൾ വിപുലമാക്കുവാനും പൂവാർ, പുല്ലുവിള, കാഞ്ഞിരംകുളം, നെയ്യാറ്റിൻകര വരെയും, പുതിയതുറ ലൂർദ്പുരം വഴി തിരുവനന്തപുരത്തേക്കും സർവീസ് ആരംഭിക്കാനും തീരുമാനിച്ചു.കൊടിയേറ്റ് ദിനത്തിലും അവസാനത്തെ മൂന്നു ദിവസങ്ങളിൽ കൂടുതൽ വനിതാ പോലീസിനെ ഉൾപ്പെടെ വിന്യസിച്ച് സുരക്ഷ ഉറപ്പാക്കാനും ധാരണയായി.
27ന് ശനിയാഴ്ച വൈകുന്നേരം 6.30 ന് കൊടിയേറ്റ് കർമം ഇടവക വികാരി റവ. ഡോ. ഗ്ലാഡിൻ അലക്സ് നിർവഹിക്കും. തുടർന്ന് ദിവ്യബലി ഉണ്ടാകും. തിരുനാളിന് മുന്നോടിയായി തിരുനാൾ ഒരുക്ക ധ്യാനം 21 മുതൽ 24 വരെ കപ്പുച്ചിൻ വൈദികർ നയിക്കും. മെയ് നാലിന് നടക്കുന്ന സന്ധ്യാവന്ദന ശുശ്രൂഷയ്ക്ക് കർദിനാൾ ആന്റണി പൂല ( ഹൈദരാബാദ് അതിരൂപത ) മുഖ്യകാർമികനാകും . തുടർന്ന് അശ്വാരൂഡരുടെ അകമ്പടിയോടുകൂടെ ഭക്തിനിർഭരമായ തേരെടുപ്പ്. തിരുനാൾ സമാപന ദിവസമായ മെയ് അഞ്ചിന് രാവിലെ ഒമ്പതിന് തിരുനാൾ സമൂഹ ദിവ്യബലി റവ. ഡോ. പീറ്റർ റെമിജിയുസ് മുഖ്യകാർമികനാകും.
അന്നേദിവസം വൈകുന്നേരം ആറിന് പൊന്തിഫിക്കൽ സമൂഹ ദിവ്യബലി തിരുവനന്തപുരം മെത്രാപ്പോലീത്ത ഡോ. തോമസ് ജെ നെറ്റോ മുഖ്യ കാർമികനാകും തിരുനാളിന് വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചതായി ഇടവക വികാരി റവ. ഡോ.ഗ്ലാഡിൻ അലക്സ് അറിയിച്ചു.