ആൽത്തറ- തൈക്കാട് റോഡ്: മൂന്നാം റീച്ച് ഇന്ന് തുറക്കും
1415985
Friday, April 12, 2024 6:20 AM IST
തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന ആൽത്തറ - തൈക്കാട് റോഡിന്റെ മൂന്നാം റീച്ച് ഇന്നു ഗതാഗതത്തിനു തുറന്നു നൽകും. നോർക്ക മുതൽ വനിത കോളജ് വരെയുള്ള റോഡാണ് രാവിലെ ഒന്പതരയോടെ തുറക്കുക. ഇവിടെ ഇരുഭാഗത്തേക്കു മുള്ള ഗതാഗതം അനുവദിക്കും.
ഈ റീച്ചിൽ റോഡ് നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി റോഡ് ഒന്നാംഘട്ടം ടാറിംഗ് പൂർത്തിയാക്കിയിരുന്നു. ഡക്റ്റിന്റെ പ്രവൃത്തികൾ പൂർത്തീകരിച്ച് കേബിളുകൾ കടത്തിവിട്ടാണ് റോഡ് ഫോമേഷനിലേക്ക് കടന്നത്. ഈ റോഡിൽ ആൽത്തറ മുതൽ ഫോറസ്റ്റ് സ്റ്റേഷൻ വരെയും വനിത കോളജ് വരെയുമുള്ള രണ്ടു റീച്ചുകൾ നേരത്തെ ഗതാഗതത്തിന് തുറന്നുനൽകിയിരുന്നു.
അട്ടക്കുളങ്ങര- കിള്ളിപ്പാലം റോഡ്, ജനറൽ ആശുപത്രി- വഞ്ചിയൂർ റോഡ്, തൈക്കാട് ഹൗസ്- കീഴെ തന്പാനൂർ (എംജി രാധാകൃഷ്ണൻ റോഡ്) എന്നീ റോഡുകളും വരുംദിവസങ്ങളിൽ ഗതാഗതത്തിനു തുറന്നു കൊടുക്കാനാകുമെന്ന് കെആർഎഫ്ബി അധികൃതർ അറിയിച്ചു. നേരത്തെ രണ്ടു റോഡുകൾ പൂർണമായും സ്മാർട്ട് ആക്കി മാറ്റുകയും നാലു റോഡുകൾ ആദ്യഘട്ട ടാറിംഗ് നടത്തി ഗതാഗതത്തിന് തുറന്ന് നൽകുകയും ചെയ്തിരുന്നു.
ഇതിന് പുറമെ 25 റോഡുകളിലും നവീകരണം സാധ്യമാക്കി. സ്മാർട്ട് സിറ്റി പദ്ധതിയിൽ ആദ്യകരാറുകാരൻ ഉപേക്ഷിച്ചതിനെ തുടർന്ന് നിലച്ചിരുന്ന റോഡ് പ്രവൃത്തി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടർന്ന് റീ ടെൻഡർ നടത്തി പുനരാരംഭിക്കുകയായിരുന്നു. ഓരോ റോഡിനും പ്രത്യേകം കരാർ നൽകിയാണ് പ്രവൃത്തി തുടങ്ങിയത്.