തീരദേശമേഖലയിലെ ബിജെപി നേതാവ് ഫ്രാൻസിസ് ആൽബർട്ട് കോണ്‍ഗ്രസിൽ ചേർന്നു
1415983
Friday, April 12, 2024 6:20 AM IST
തിരുവനന്തപുരം: തീരദേശമേഖലയിലെ ബിജെപി നേതാവും ബിജെപി ജില്ലാ കമ്മിറ്റിയംഗവുമായ ഫ്രാൻസിസ് ആൽബർട്ടും പ്രവർത്തകരും ബിജെപിയിൽനിന്ന് രാജിവച്ച് കോണ്‍ഗ്രസിൽ ചേർന്നു. ഇന്നലെ വൈകുന്നേരം ഇന്ദിരാഭവനിലെത്തിയ ഫ്രാൻസിസ് ആൽബർട്ടിനെ കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം. എം ഹസനും ശശി തരൂർ എംപിയും ചേർന്ന് സ്വീകരിച്ചു.
തീരദേശത്തോടും ക്രിസ്ത്യൻ സമുദായത്തോടും ബിജെപി പുലർത്തുന്ന സമീപനത്തിൽ മനംനൊന്താണ് താൻ പാർട്ടിവിട്ട് കോണ്‍ഗ്രസിലെത്തിയതെന്ന് അദ്ദേഹം പ്രതികരിച്ചു. ശശി തരൂരിന് വേണ്ടി താൻ പ്രചരണ രംഗത്തുണ്ടാകുമെന്നും ഫ്രാൻസിസ് ആൽബർട്ട് വ്യക്തമാക്കി.
അതേസമയം വോട്ടുകൾ സ്വാധീനിക്കുന്നതിനു തീരദേശത്ത് ചില നേതാക്കൾ പണം മുടക്കുന്നുവെന്ന് അവിടുത്തെ ആളുകൾ തന്നോടു പറയുന്നുണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂരും പ്രതികരിച്ചു. കോണ്‍ഗ്രസിലേക്ക് ഫ്രാൻസിസ് ആൽബർട്ടിനെ സ്വാഗതം ചെയ്യുന്നതായി എം.എം ഹസനും വ്യക്തമാക്കി. കെപിസിസി ജനറൽ സെക്രട്ടറി ജി.എസ്. ബാബുവും ചടങ്ങിൽ പങ്കെടുത്തു.