വിശ്വാസി സമൂഹത്തോടൊപ്പം സ്ഥാനാർഥികൾ
1415767
Thursday, April 11, 2024 6:20 AM IST
തിരുവനന്തപുരം: ഇസ്ലാം മത വിശ്വാസികളുടെ പെരുന്നാൾ ദിനമായിരുന്ന ഇന്നലെ വിശ്വാസി സമൂഹത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളും മുൻഗണന നൽകിയത്.
റംസാൻ ദിനമായ ഇന്നലെ ഈദ് ഗാഹുകൾ സന്ദർശിച്ചും സൗഹൃദം പങ്കുവച്ചുമായിരുന്നു യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് ഇന്നലെ തന്റെ ദിവസം ആരംഭിച്ചത്. ക്ഷേത്രങ്ങളിൽ ദർശനത്തിനെത്തിയ വിശ്വാസികളെ നേരിൽ കാണുന്നതിനും അദ്ദേഹം ഇന്നലെ സമയം കണ്ടെത്തി.
പെരുന്നാൾ ദിനമായ ഇന്നലെ ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർഥി വി. ജോയി കൂടുതൽ സമയം ചിലവഴിച്ചത് വിവിധ വിശ്വാസസമൂഹങ്ങളോടൊപ്പമായിരുന്നു. രാവിലെ വെഞ്ഞാറമൂട്, മാണിക്കൽ എന്നിവിടങ്ങളിലെ ജുമാ മസ്ജിദുകളിൽ നടന്ന ഈദ് ഗാഹിൽ പങ്കെടുത്തവരെ വി. ജോയി സന്ദർശിച്ചു.
പെരുന്നാളിന്റെ സന്തോഷം സ്ഥാനാർഥി വിശ്വാസികളുമായി പങ്കുവെച്ചു. ഉച്ചയ്ക്കുശേഷം മീനഭരണി ആഘോഷങ്ങൾ നടക്കുന്ന ചിറയിൻകീഴ് ശാർക്കര ദേവീ ്ഷേത്രവും വി. ജോയി സന്ദർശിച്ചു. റംസാൻ ആയതിനാൽ ഇന്നലെ മണ്ഡലത്തിൽ നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടികൾ ഇന്നത്തേക്ക് മാറ്റിയിരുന്നു.
ഇന്നു രാവിലെ 10ന് വർക്കല മേവ കണ്വൻഷൻ സെ ന്ററിലാണ് മുഖ്യമന്ത്രിയുടെ ആദ്യ പ്രചരണ പരിപാടി. വൈകുന്നേരം മൂന്നിന് കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലും അതിനുശേഷം നാലിനു വെന്പായം കന്യാകുളങ്ങരയിലും മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടികൾ ഉണ്ടായിരിക്കും.
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി. മുരളീധരന്റെ പര്യടനം ഇന്നലെ കൊട്ടിയം ഭാഗത്തായിരുന്നു. പൊതുജനങ്ങളും പ്രവർത്തകരുമായി നിരവധി പേരാണ് സ്ഥാനാർഥിയെ കാത്തു ഗ്രാമങ്ങളിൽ കാത്തു നിന്നത്.
പര്യടനത്തിനിടയിൽ പകൽകുറി കൊട്ടിയം മുക്കിൽവച്ച് വി. മുരളീധരനെതിരെ അതിക്രമവും ഉണ്ടായി. പള്ളിക്കൽ പഞ്ചായത്തിലെ പകൽക്കുറി കൊട്ടിയംമുക്കിൽ വച്ചാണ് വി. മുരളീധരന്റെ പ്രചാരണ വാഹനത്തിന് അടുത്തെത്തിയ ബൈക്ക് യാത്രികർ അസഭ്യവർഷം ചൊരിഞ്ഞ് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചത്.
സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നവർ സംയമനം പാലിച്ചതിനാൽ സംഘർഷം ഒഴിവായി. തുടർന്ന് പോലീസ് അകന്പടിയിലാണ് പ്രചാരണം തുടർന്നത്. ബിജെപി എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം അലങ്കോലപ്പെടുത്താൻ സാമൂഹ്യവിരുദ്ധർ നടത്തിയ ശ്രമം അപലപനീയമെന്ന് വി. മുരളീധരൻ പറഞ്ഞു. നിർഭയമായും സുഗമമായും പ്രചാരണം നടത്താനുള്ള അവസരമൊരുക്കാൻ പോലീസ് തയാറാവണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.