നവകേരള സദസും തുണച്ചില്ല; നാലു വർഷമായി നഷ്ടപരിഹാര തുകയ്ക്കായി നെട്ടോട്ടമോടി കർഷകൻ
1396878
Saturday, March 2, 2024 6:23 AM IST
വെള്ളറട: നവകേരള സദസില്‍ നിവേദനം നല്കി രണ്ടുമാസം കഴിഞ്ഞിട്ടും ഫലമുണ്ടാകാതെ കാര്ഷികക്കെടുതിയില് അനുവദിച്ച തുക കിട്ടാനായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് നിര്‍ധന കര്ഷകന്.
വെള്ളറട കൃഷിഭവന് പരിധിയിലെ വെള്ളറട പിള്ളവീട് രമ്യാഭവനില്‍ ശ്രീകണ്ഠന്‍നായരാണ് (65) നാലു വര്ഷംമുന്പ് അനുവദിച്ച കാര്‍ഷിക നഷ്ടപരിഹാരത്തുകയ്ക്കായി നെട്ടോട്ടമോടുന്നത്.ഇപ്പോള്‍ കൃഷി ഉപേക്ഷിച്ച് പെട്ടിക്കട നടത്തുകയാണ് ഇദ്ദേഹം.
കടം വാങ്ങിയും വായ്പയെടുത്തും വെള്ളറട പഞ്ചായത്ത് പരിധിയിലെ രണ്ടര ഏക്കറോളം വരുന്ന പാട്ടത്തിനെടുത്ത വസ്തുവില്‍ വാഴക്കൃഷിയിറക്കി. വിളവെടുപ്പിനു സമയമടുത്തപ്പോഴേക്കും 2020 മാര്‍ച്ചിലുണ്ടായ ചുഴലിക്കാറ്റിലും പേമാരിയിലും മുഴുവന്‍ കൃഷിയും നശിച്ചു.
തുടര്‍ന്ന് കൃഷിവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതിനുശേഷമുള്ള റിപ്പോര്‍ട്ടില്‍ 2020 സെപ്റ്റംബറില്‍ 62500 രൂപ നഷ്ടപരിഹാരമായി അനുവദിച്ചു. അതില്‍ ആദ്യം 3780 രൂപയും ലഭിച്ചു. ബാക്കി 58720 രൂപ ഇതുവരെയും കിട്ടിയിട്ടില്ല.
തുക ലഭിക്കുന്നതിനായി വിജയബാങ്ക് വെള്ളറട ശാഖയിലെ അക്കൗണ്ട് നമ്പരാണ് നല്‍കിയിരുന്നത്. പിന്നീട് ഈ ബാങ്ക് ബറോഡ ബാങ്കായി മാറിയതോടെ അക്കൗണ്ട് നമ്പരും മാറിയത് കര്ഷകനറിഞ്ഞില്ല.
ഇക്കാരണത്താല്‍ തുക അക്കൗണ്ടില്‍ വന്നതുമില്ല. പുതിയ അക്കൗണ്ട് നമ്പര്‍ നല്‍കിയെങ്കിലും നടപടിയുണ്ടാകുന്നില്ല. അതേസമയം കൃഷിഭവനിലെത്തി തിരക്കിയപ്പോള്‍ അനുവദിച്ച തുക സര്‍ക്കാര്‍ ഫണ്ടിലേക്ക് തിരികേപ്പോയി എന്നാണ് മറുപടി ലഭിച്ചത്.