കെഎസ്യു മാർച്ചിൽ സംഘർഷം; രണ്ട് വനിതാ പ്രവർത്തകർക്ക് പരിക്ക്
1396869
Saturday, March 2, 2024 6:12 AM IST
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലുണ്ടായ റാഗിങ്ങിനെതുടർന്ന് മരണപ്പെട്ട സിദ്ധാർഥന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം.
സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിമറിക്കാൻ ശ്രമിച്ചതോടെ പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ തെറിച്ചു വീണു രണ്ടു വനിതാ പ്രവർത്തകർക്കു പരിക്കേറ്റു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
പരിക്കേറ്റവരെ ഉടനെ പോലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. അരമണിക്കുറോളം പ്രവർത്തകർ റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. പ്രതിഷേധം കഴിഞ്ഞ് പിരിഞ്ഞു പോവുകയായിരുന്ന പ്രവർത്തകർക്കു അഭിമുഖമായി പന്ന്യൻ രവീന്ദ്രന്റെ റോഡ് ഷോ കടന്നു വരുന്നുണ്ടായിരുന്നെങ്കിലും പ്രവർത്തകർ യൂണിവേഴ്സിറ്റി കോളജിനു മുന്നിലൂടെ മടങ്ങുകയായിരുന്നു.
മാത്യു കുഴൽനാടൻ എംഎൽഎ മാർച്ച് ഉദ് ഘാടനം ചെയ്തു. കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, സംസ്ഥാന കമ്മിറ്റിയംഗം ആദേഷ് സുധർമൻ, എം.എസ്. അഭിജിത് തുടങ്ങിയവർ പ്രസംഗിച്ചു.