എസ്എഫ്ഐയുടേത് അധോലോക പ്രവർത്തനം: മാത്യു കുഴൽനാടൻ
1396867
Saturday, March 2, 2024 6:12 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലും സർവകലാശാലകളിലും എസ്എഫ്ഐ നടത്തുന്നത് രാഷ്ട്രീയ പ്രവർത്തനമല്ല, അധോലോക പ്രവർത്തനമാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വയനാട് വെറ്ററിനറി കോളജിൽ റാഗിങ്ങിനെ തുടർന്നു മരണപ്പെട്ട സിദ്ധാർഥനു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിദ്ധാർഥന്റെ മരണം ഒറ്റപ്പട്ട സംഭവമായി കാണാൻ കഴിയില്ല. സിദ്ധാർഥനെ എസ്എഫ്ഐ പ്രവർത്തകർ ദിവസങ്ങളോളം വേട്ടയാടി. കുറ്റവാളികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിലെ കാന്പസുകളിൽ നടക്കുന്നത് എന്താണെന്നു വ്യക്തമായി പരിശോധിക്കണം. വിദ്യാർഥികളെ അടിച്ചമർത്തി ഭരിക്കുന്ന ഏകപക്ഷീയമായ പ്രവർത്തനമാണ് എസ്എഫ്ഐ കാന്പസുകളിൽ കാഴ്ചവയ്ക്കുന്നത്.
അതിനു ചുക്കാൻ പിടിക്കുന്നത് ഇടതുപക്ഷ സംഘടനകളിലെ അധ്യാപകരും. എസ്എഫ്ഐയ്ക്ക് കടിഞ്ഞാണ് ഇട്ടില്ലെങ്കിൽ കേരളത്തിലെ കാന്പസുകളിൽ ഇനിയും വിദ്യാർഥികൾ മരണപ്പെടുന്ന സാഹചര്യമുണ്ടാകുമെ ന്നും എസ്എഫ്ഐ സമൂഹത്തിനു വെല്ലുവിളിയാണെന്നും അവരെ വിദ്യാർഥി പ്രസ്ഥാനമായി കാണാൻ കഴിയില്ലെന്നും മാത്യു പറഞ്ഞു.