സമാപന വേദിയിലേക്ക് സമരാഗ്നിയുടെ പ്രൗഢോജ്വലമായ ഘോഷയാത്ര
1396649
Friday, March 1, 2024 5:50 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ "സമരാഗ്നി' ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപന സമ്മേളനത്തിന് സെക്രട്ടേറിയറ്റിനു മുന്നിൽനിന്ന് പ്രൗഢോജ്വലമായ ഘോഷയാത്ര. സമാപന സമ്മേളനം നടന്ന പുത്തിരിക്കണ്ടം മൈതാനത്തിലേക്ക് വാദ്യമേളങ്ങളുടെ അകന്പടിയോടെ സംഘടിപ്പിച്ച ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു.
4.30ഓടേ ആരംഭിച്ച ഘോഷയാത്രയിൽ പാർട്ടി തോരണങ്ങൾ കൊണ്ട് അലങ്കരിച്ച പ്രത്യേക വാഹനത്തിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ കെ. സുധാകരനും സമാപന വേദിയിലേക്ക് എത്തിയത്. ഘോഷയാത്രയെ വിവിധ ഭാഗങ്ങളിൽ വച്ച് പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ജനതിരക്കേറിയ ഭാഗങ്ങളിൽ ഘോഷയാത്രയ്ക്ക് വൻ സ്വീകരണമാണ് ഒരുക്കിയിരുന്നത്. പ്രതിപക്ഷ നേതാവിന് അഭിവാദ്യങ്ങൾ നേരാനും പൂചെണ്ടുകൾ സമ്മാനിക്കാനും പ്രവർത്തകരും അണികളും ഘോഷയാത്രക്ക് ചുറ്റുംകൂടി. തന്പാനൂർ, ആയുർവേദ കോളജ് എന്നിവിടങ്ങളിൽ ഘോഷയാത്രയെ വരവേൽക്കാൻ ജനങ്ങളും പാർട്ടി പ്രവർത്തകരും കാത്തു നിന്നു.
കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, ഐഎൻടിയുസി തുടങ്ങി വിവിധ കോണ്‍ഗ്രസ് സംഘടനകൾ മുദ്രാവാക്യം വിളികളോടെ ഘോഷയാത്രയെ പിന്തുടർന്നു. സമാപന വേദിയിലേക്ക് എത്തിയ ഘോഷയാത്രയെ നേതാക്കൾ ചേർന്നുസ്വാഗതം ചെയ്ത ശേഷം പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും വേദിയിലേക്ക് ആനയിച്ചു.