നന്ദിയോട്ടെ പടക്കശാലകളിൽ പോലീസ് റെയ്ഡ്: നിരോധിക്കപ്പെട്ട സ്ഫോടകവസ്തുക്കൾ പിടിച്ചു
1396647
Friday, March 1, 2024 5:50 AM IST
പാലോട്: നന്ദിയോട്, ഇലവുപാലം എന്നിവിടങ്ങളിലെ പടക്കനിർമാണശാലകളിൽ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ നിരോധിക്കപ്പെട്ട മാരകസ്ഫോടകവസ്തുക്കൾ ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ അനധികൃത പടക്കവും, നിർമാണ ഉത്പന്നങ്ങളും പിടികൂടി.
റെയ്ഡ് ഭയന്ന് ഒളിസ്ഥലത്തേക്കുമാറ്റിയ സ്ഫോടകവസ്തുക്കളുടെ വൻശേഖരമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ച ക്കു രണ്ടോടെ തുടങ്ങിയ റെയ് ഡ് രാത്രിയിലും തുടരുകയാണ്. നന്ദിയോട് ആലംപാറ ശ്രീകൃഷ്ണ ഫയർ വർക്ക്സ്, അവരുടെ തന്നെ കടയും ഗോഡൗണും, നന്ദിയോട് നവധാര ജംഗ്ഷനിലെ വിവേകാനന്ദ ഫയർ വർക് സ്, ഇലവുപാലം വിജയ ഫയർ വർക്സ് എന്നിവിടങ്ങളിൽ നടന്ന റെയ്ഡിൽ അൻപത് ലക്ഷം രൂപയുടെ സ്ഫോടകവസ്തുക്കളാണ് പിടികൂടിയത്.
ഇവരുടെ പക്കലുള്ള ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എസ്പി അറിയിച്ചു. കച്ചവട ലൈസൻസിന്റെ മറവിൽ അനധികൃ ത പടക്കനിർമാണം നടക്കുന്നതായി നിരവധി പരാതികളുണ്ട്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ, നെടുമങ്ങാട് ഡിവൈ എസ്പി ബി.ഗോപകുമാർ, പാലോട് സ്റ്റേഷൻ ഓഫീസർ സുബിൻ തങ്കച്ചൻ, വലിയമല സ്റ്റേഷൻ ഓഫീസർ ശിവകുമാർ, റൂറൽ എസ്പിയുടെ സംഘാംഗങ്ങളായ എസ്ഐ ഷിബു, ദിലീപ്, സജു, ബിജുകുമാർ, എസ്സിപിഒ മാരായ സതികുമാർ, അനൂബ്, ഉമേഷ് ബാബു, ഗോപൻ, വിനീഷ്, അനൂബ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.