ട്രാന്‍സ്ഫോർമറിനു തീപിടിച്ചു: തൊണ്ടി വാഹനങ്ങള്‍ കത്തി നശിച്ചു
1396347
Thursday, February 29, 2024 5:44 AM IST
വലിയതുറ: കെഎസ്ഇബിയുടെ ട്രാന്‍സ്ഫോർമറിന് തീപിടിച്ചതിനെത്തുടര്‍ന്ന് രണ്ട് കാറുകള്‍ കത്തി നശിച്ചു. പേട്ട പോലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള ട്രാന്‍സ്ഫോമറിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാത്രി 11നായിരുന്നു സംഭവം.
ട്രാന്‍സ്ഫോമറില്‍ നിന്നും പുക ഉയരുന്നതു കണ്ട സമീപത്തെ കച്ചവടക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ പോലീസ് വിവരം കെഎസ്ഇബി ജീവനക്കാരെയും ചാക്ക ഫയര്‍ സ്റ്റേഷനിലും അറിയിക്കുകയായിരുന്നു.
എന്നാൽ നിമിഷ നേരം കൊണ്ട് ട്രാന്‍സ്ഫോമറില്‍ നിന്നും തീ ഉയര്‍ന്നു പൊങ്ങുകയും വലിയ ശബ്ദത്തോടുകൂടി പൊട്ടുകയുമായിരുന്നു. ചാക്ക ഫയര്‍ സ്റ്റേഷനില്‍ നിന്നും ആദ്യ യൂണിറ്റ് എത്തിയപ്പോഴെയ്ക്കും ഉയര്‍ന്നു പൊങ്ങിയ തീ പോലീസ് സ്റ്റേഷനു സമീപത്തായി പിടിച്ചിട്ടിരുന്ന തൊണ്ടി വാഹനങ്ങളിലേയ്ക്ക് പടര്‍ന്നിരുന്നു. തൊണ്ടി വാഹനത്തില്‍ ഉള്‍പ്പെട്ട രണ്ട് കാറുകള്‍ കത്തി നശിച്ചു. ഇതില്‍ ഒരുകാര്‍ പൂര്‍ണമായും മറ്റെത് ഭാഗീകമായും കത്തി നശിച്ചു.
തുടക്കത്തില്‍ തീ പൂര്‍ണമായും നിയന്ത്രണ വിധോയമാക്കാന് കഴിയാതെ വന്നതോടെ രണ്ടാമത് ഒരു യൂണിറ്റുകൂടി വരുത്തിയാണ് തീപൂര്‍ണമായും കെടുത്തിയത്.
ട്രാന്‍സ്ഫോമറില്‍ തീപിടിച്ചയുടന്‍ തന്നെ കെ.എസ്.ഇ.ബി ജീനവക്കരെത്തി ലൈന്‍ ഓഫ് ചെയ്തതിനാല്‍ വന്‍ അപകടം ഒഴിവായി. തീപിടിത്തത്തില്‍ ട്രാന്‍സ് ഫോമര്‍ യൂണിറ്റ് ഏറെക്കുറെ കത്തി നശിച്ചു.
ചാക്ക ഫയര്‍ സ്റ്റേഷനില്‍ നിന്നും എസ്.എഫ്.ആര്.ഒ ജി.വി.രാജേഷിന്റെ നേതൃത്വത്തില്‍ എഫ്.ആര്.ഒ മാരായ ശരത് , ദീപു , മനോജ് , ഷെറിന് , സാം , അരുണ്‍ , ഹാപ്പിമോന്‍ എന്നിവരുള്‍പ്പെട്ട സംഘം എത്തി ഒരു മണിയ്ക്കൂര്‍ സമയം ചിലവഴിച്ചാണ് തീ പൂര്‍ണമായി അണച്ചത്.